
ശബരിമലയിൽ നെയ്യ് ക്ഷാമം രൂക്ഷം : അരവണ നിർമ്മാണം പ്രതിസന്ധിയിൽ
- മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുമ്പ് 70 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമൊരുക്കാൻ 72,000 ലിറ്റർ നെയ്യാണ് ആവശ്യമായി വരിക.
ശബരിമല : ശബരിമലയിൽ നെയ്യ് ക്ഷാമം രൂക്ഷമായതോടെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുമ്പ് 70 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമൊരുക്കാൻ 72,000 ലിറ്റർ നെയ്യാണ് ആവശ്യമായി വരിക. എന്നാൽ നിലവിൽ 36,000 ലിറ്റർ നെയ്യ് മാത്രമാണ് ദേവസ്വം ബോർഡിന്റെ കൈവശമുള്ളത്. അടുത്ത മാസപൂജയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള നെയ്യുടെ കണക്ക് കൂട്ടിയാലും പ്രതിസന്ധി മറികടക്കാൻ ആകില്ലെന്നതാണ് നിലവിലെസാഹചര്യം. കഴിഞ്ഞ മാസപൂജയ്ക്ക് അരവണയും അപ്പവും ലഭിക്കാതെ വന്നത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിത്തീർന്നിരുന്നു.

അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതോടെ ദേവസ്വം ബോർഡ് വില്പനയിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അരവണ പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നതിനാലാണ് ക്ഷാമം നേരിട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായാലും ഇനിയും കരുതൽ ശേഖരത്തിലേക്ക് എത്തണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കണമെന്നാണ് സൂചന. ഇത് വരുന്ന തീർഥാടനകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ്ഭക്തർ പറയുന്നത്. അരവണയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് നെയ്.
