
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ; ഇതിന്റെ ഭാഗമായി നിയമസഭയിൽ ബില്ല് കൊണ്ടുവരും: ആരോഗ്യവകുപ്പ്
- ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സർക്കാർ റിപ്പോർട്ട് തേടിയതായാണ് വിവരം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി നിയമസഭയിൽ ബില്ല് കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് സർക്കാർ റിപ്പോർട്ട് തേടിയതായാണ് വിവരം.നിലവിൽ സംസ്ഥാനത്ത് 70 ശതമാനം ആളുകളും ഇപ്പോഴും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിൻ്റെ സാധ്യത മുന്നിൽ കണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികൾ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ട്. ഇത്തരം ഏറ്റെടുക്കൽ പലയിടങ്ങളിലും നടന്നതോടെ ചികിത്സാചെലവിൽ ഭീമമായ വർധന ഉണ്ടായതായി നിരവധി പരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം പ്രവണതകൾ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നല്ലതല്ല എന്ന് കാണിച്ച് ഡോക്ടർമാരുടെ സംഘടനകളും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ ബില്ല് കൊണ്ടുവരുന്ന കാര്യം സർക്കാർ ആലോചിക്കുന്നത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരാമർശവും ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവരാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചതായും സൂചനയുണ്ട്. ഓരോ രോഗത്തിനുമുള്ള ചികിത്സാ നിരക്ക്, മുറികളുടെ വാടക ഉൾപ്പെടെ വിവിധ കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ പദ്ധതിയിടുന്നത്. തുടക്കമെന്ന നിലയിൽ ബില്ലുമായി മുന്നോട്ടുപോകുന്നതിന് നിർദേശം തേടി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
