
സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടേയും കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം തടയാൻ ആരോഗ്യ വകുപ്പ്
- കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവിതരണം നടത്താമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ
ആലപ്പുഴ : സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടേയും കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണ വിതരണം തടയാൻ ആരോഗ്യ വകുപ്പ്. സാമൂഹ്യസേവനത്തിന് കൊടി എന്തിനാണെന്നും, കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവിതരണം നടത്താമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പല ആളുകളും ബാനർ കെട്ടി ഭക്ഷണം കൊടുക്കുന്നുണ്ട്. ബാനർ കെട്ടി കൊടുക്കാൻ പാടില്ല. കമ്യൂണിറ്റി കിച്ചൺ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.ആർക്ക് വേണമെങ്കിലും ഭക്ഷണം അവിടെ കൊണ്ട് ഏൽപ്പിക്കാം. പക്ഷേ ബാനറോ കൊടിയോ ഒന്നും പാടില്ല. കൊടി കെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രികൾ- അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാത്രം തുടങ്ങുന്ന ഒരു പരീക്ഷണമാണെന്നും മറ്റ് സ്ഥലങ്ങളെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ ആണെങ്കിലും സേവാ ഭാരതി ആണെങ്കിലും യൂത്ത് കോൺഗ്രസ് ആണെങ്കിലും ഭക്ഷണം കൊടുക്കാം.ആശുപത്രി കോംപൗണ്ടിനകത്ത് കൊടിയും പാർട്ടി പേരും വച്ച് കൊടുക്കുന്നത് ശരിയല്ല.

എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുജന സേവനമാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയുള്ളവർ കൊടിവെക്കുന്നത് എന്തിനാ. കമ്യൂണിറ്റി കിച്ചണിൽ ആർക്കും കൊടുക്കാം – അദ്ദേഹം പറഞ്ഞു. ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും വി വസീഫ് പ്രതികരിച്ചു.
