
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന
- തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.
കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.തൃശൂരിൽ അഞ്ചിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ.

അങ്കമാലി അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ആയ ഷിജുവിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്. ബാങ്കിലെ അക്കൗണ്ടന്റായിരുന്നു ഷിജു. വ്യാജ ലോണുകൾക്ക് നേതൃത്വം കൊടുത്തതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ഇഡി നൽകുന്ന വിവരം. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. മുൻ ബാങ്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
