
സ്പീക്ക് അപ്പ്:ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ
- ഐജി അജിത ബീഗം ഐപിഎസ് ആണ് ദൗത്യസംഘത്തെ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു
തിരുവനന്തപുരം: ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്പീക്ക് അപ്പ് എന്ന പേരിലാണ് പദ്ധതി. ഗാർഹിക പീഡനങ്ങൾക്കെതിരെ കർശനവും അതിശക്തവുമായ ദൗത്യത്തിലേക്ക് ആഭ്യന്തര വകുപ്പ് കടക്കുകയാണ്. അതിനായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗം ഐപിഎസ് ആണ് ദൗത്യസംഘത്തെ നയിക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.നിരോധിച്ചെങ്കിലും ‘സതി’യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. അതിലൊന്നാണ് ഗാർഹിക പീഡനമെന്ന് മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മരുമകൾക്ക് നേരെയുള്ള പോരും പീഡനവും ഒരു ദുരാചാരം പോലെ പല വീടുകളിലും തുടരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഗാർഹിക പീഡനത്തെ തുടർന്ന് 92 സ്ത്രീകളാണ് മരിച്ചത്. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് മുൻ വർഷത്തിൽ ഏതാണ്ട് 15,000 ലേറെ പരാതികളാണ് ലഭിച്ചത്. പരാതി പറയാൻ പോലും സാധിക്കാതെ പീഡനം നിശ്ശബ്ദ്ദം സഹിക്കുന്നവർ ഇതിലും എത്രയോ വലുതാണ്. 60 ലേറെ വർഷം മുമ്പ് ഇന്ത്യയിൽ നിരോധിച്ച സ്ത്രീധനം ഇന്നും നമ്മുടെ പെൺമക്കളുടെ ഘാതകരാകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ അവൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി, സമഗ്രമായ സ്ത്രീ മുന്നേറ്റമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. മന്ത്രി ചെന്നിത്തല പറഞ്ഞു.
