ജനവാസ മേഖലയിൽ പെട്രോൾ പമ്പ്; അനുമതിക്കെതിരെ പ്രതിഷേധം ശക്തം

ജനവാസ മേഖലയിൽ പെട്രോൾ പമ്പ്; അനുമതിക്കെതിരെ പ്രതിഷേധം ശക്തം

  • നൂറുകണക്കിന് വീടുകൾ, കുടിവെള്ള പദ്ധതി, നഴ്സറി സ്കൂൾ, ക്ഷേത്രം, പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ മേഖലയിലാണ് പുതിയ പമ്പ് സ്ഥാപിക്കാനുള്ള നീക്കം.

കൊയിലാണ്ടി: ജനവാസ മേഖലയിൽ പുതിയ പെട്രോൾ പമ്പ് ആരംഭിക്കുന്നതിന് അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. തിരുവങ്ങൂർ–അത്തോളി റോഡിൽ പുതിയ പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി ജില്ലാ കലക്ടർ എൻ.ഒ.സി. നൽകുകയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിടാനുമതി അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്.പഞ്ചായത്ത് സെക്രട്ടറി നേരത്തേ നൽകിയ എൻ.ഒ.സിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടർ പെട്രോൾ പമ്പിന് അനുമതി നൽകിയതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പ്രദേശവാസികളിൽനിന്ന് നിരവധി പരാതികൾ ഉയർന്നിട്ടും പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിക്കാതെ സെക്രട്ടറി കെട്ടിടാനുമതി നൽകിയെന്നാണ് ഇവരുടെ ആരോപണം.

500 മീറ്റർ ചുറ്റളവിൽത്തന്നെ മൂന്ന് പെട്രോൾ പമ്പുകൾ നിലവിലുള്ള സാഹചര്യത്തിൽ നാലാമത്തെ പമ്പ് കൂടി വരുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും പരിസ്ഥിതിക്കും കുടിവെള്ള ലഭ്യതയ്ക്കും ഭീഷണിയാകുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. നൂറുകണക്കിന് വീടുകൾ, കുടിവെള്ള പദ്ധതി, നഴ്സറി സ്കൂൾ, ക്ഷേത്രം, പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ മേഖലയിലാണ് പുതിയ പമ്പ് സ്ഥാപിക്കാനുള്ള നീക്കം.പെട്രോൾ പമ്പിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി എട്ടാം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ എം. നൗഫൽ, ടി.പി. രാഘവൻ, അശോകൻ കോട്ട്, ഉണ്ണി മാടഞ്ചേരി, പത്മനാഭൻ, ഡോ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )