
സ്മാർട്ട് കൊയിലാണ്ടി: നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു
- നഗരസഭാ ടൗൺഹാളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: നഗരസഭയിൽ സമ്പൂർണ ശുചിത്വവും ശാസ്ത്രീയ മാലിന്യപരിപാലനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്മാർട്ട് കൊയിലാണ്ടി പദ്ധതിയുടെ നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ ടൗൺഹാളിൽ നടന്ന യോഗം നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.പി. സുധീഷ് സ്വാഗതം പറഞ്ഞു.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ. സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, ദൃശ്യ, കെ.എം. നജീബ്, കൗൺസിലർമാരായ രമ്യ മനോജ്, സുരേഷ്, സി.കെ. ജയദേവൻ, പി.കെ. ഷൈജു, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.വി. പ്രമോദ് കെ.എ.എസ്, നഗരസഭാ സെക്രട്ടറി എൽ. പാർവതി ചന്ദ്രൻ കെ.എ.എസ്, ഷംസീറ, ആർ.കെ. മിനി, റീന എം.പി. എന്നിവർ ആശംസകൾ നേർന്നു. ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് പി.എ. വിനോദ് നന്ദി പറഞ്ഞു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 12-ന് തദ്ദേശഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്. നിർവഹിക്കും. കൊയിലാണ്ടിയെ സമ്പൂർണ ശുചിത്വമുള്ളതും സുസ്ഥിരവുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജനപങ്കാളിത്തത്തിലൂടെ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.ശുചിത്വം, മാലിന്യസംസ്കരണം, പരിസര സൗന്ദര്യവൽക്കരണം തുടങ്ങിയ മേഖലകളിൽ ജനകീയ ഇടപെടൽ ഉറപ്പാക്കുന്നതിനും നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ പരിപാടികൾ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്.
