
അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മകൾ
- കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു’ എന്നായിരുന്നു ജയബാലകൃഷ്ണണണൻ്റെ മകളുടെ പ്രതികരണം
കൊച്ചി: അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മകൾ. ‘ഹൈദരാബാദിൽ വെച്ചാണ് ഞാൻ വാർത്ത അറിയുന്നത്. അപ്പോൾ മുതൽ ഇപ്പോൾ വരെ ഒന്നും കഴിക്കാതെയും കുടിക്കാതെയുമാണ് എന്റെ അച്ഛന് വേണ്ടി നിൽക്കുന്നത്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛൻ. നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛൻ അർഹിക്കുന്നതല്ല. 17 വയസുകാരനായ അയാൾ ജഡ്ജിയുടെ മകനായതാണ് പ്രശ്നം.അതുകൊണ്ടാണ് നടപടി എടുക്കാൻ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പോലീസുകാർ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു’ എന്നായിരുന്നു ജയബാലകൃഷ്ണണണൻ്റെ മകളുടെ പ്രതികരണം.

ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാമായി ഇരിക്കാൻ അവസരമുണ്ടാക്കാനാണെന്നും ജയബാലകൃഷണന്റെ മകൾ പ്രതികരിച്ചു. ‘ഇനി ഞാൻ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാൾ അച്ഛൻ ഞങ്ങൾക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിയാതെ. അച്ഛന് നീതി എപ്പോൾ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരാനാണ് എന്റെ തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കും. കുറ്റക്കാരായ പോലീസുകാർക്കടക്കം എല്ലാവർക്കുമെതിരെ നടപടി എടുക്കണം. എന്റെ അച്ഛൻ്റെ ബോഡി കിട്ടുന്നതിന് മുൻപ് ഈ പ്രതിയെ കിട്ടിയിട്ട് പോലും അവർ പറഞ്ഞുവിട്ടു.അങ്ങനത്തെ ഒരു നിയമം ഉണ്ടോ?’ എന്നും ജയബാലകൃഷ്ണന്റെ മകൾ ചോദിച്ചു.
