
ആഞ്ഞടിച്ച് അർണബ് : ആന്ധ്രയിലും വിശാഖപട്ടണത്തും കനത്ത മഴ
- ട്രെയിനുകളും വിമാനങ്ങളും ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണബ് ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനം തീരത്താണ് ഇന്ന് രാവിലെയോടെ കാറ്റ് തീരത്ത് കയറിയത്. മൂന്ന് മണിക്കൂറോളം തീരപതനം നീളുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ തീരമേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ‘അർണബ്’ എന്ന പേര് നിർദേശിച്ചത്. ബംഗാളിയിൽ സമുദ്രം എന്നാണ് ഇതിന്റെ അർഥം.
പലയിടങ്ങളിലും കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും സാധ്യതയുള്ളതിനാൽ അധികൃതർ അതീവ ജാഗ്രതയിലാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചിരുന്നു.

ആന്ധ്രയിൽ 84,396 പേരെ 290 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിനുകളും വിമാനങ്ങളും ഉൾപ്പെടെ റദ്ദാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധി നൽകി.
ഇരു സംസ്ഥാനങ്ങളിലെയും തീരജില്ലകളിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 27 കോടി രൂപ അനുവദിച്ചു. ഒഡിഷയിലെ 16 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും തീരദേശ മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ശക്തമാക്കുകയും ചെയ്തു. എല്ലാ മത്സ്യബന്ധന ബോട്ടുകളും കാറ്റിന് മുൻപേ തിരികെയെത്തിയിരുന്നു.
