
സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
- വിജിലൻസ് കേസിലെ എഫ്ഐആർ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നുത്.
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം. വിജിലൻസ് കേസിലെ എഫ്ഐആർ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമൻസ് നൽകും. കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണം ഹൈക്കോടതിതടഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. തുടർനടപടികൾ എല്ലാം നിർത്തി വയ്ക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വിജിലൻസ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. കേസിൽ, എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു.

ഇതിനെതിരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്ന പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. കേസിൽ എഫ്ഐആർ ഇടാൻ അമിത തിടുക്കം കാണിച്ച സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും അനുകൂല വിധിയുണ്ടായി. സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അപ്പീൽ ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
