
എസ്എംഎ ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ മുക്കം മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും കൈകോർക്കുന്നു
- നവംബർ രണ്ടിന് സ്വകാര്യ ബസുകൾ നടത്തുന്ന കാരുണ്യ യാത്രയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ, ഇന്ധനച്ചെലവ് മാത്രം കഴിച്ച്, ബാക്കി തുകയും ജീവനക്കാരുടെ അന്നത്തെ വേതനവും പൂർണ്ണമായും ചികിത്സാ സഹായ നിധിയിലേക്ക് നൽകും
ഓമശ്ശേരി:അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ മുക്കം മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും കൈകോർക്കുന്നു. ഓമശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ -ഷാൽമി ദമ്പതികളുടെ മക്കളായ ഒന്നര വയസുള്ള ഈഥൻ, ഡേവിഡ്, ഒലിവർ എന്നിവരുടെ തുടർന്നുള്ള ജീൻ തെറാപ്പി ചികിത്സയ്ക്കായി ആവശ്യമായ 50 കോടി രൂപ സമാഹരിക്കാനുള്ള ദൗത്യത്തിനാണ് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും പിന്തുണ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.നവംബർ രണ്ടിന് സ്വകാര്യ ബസുകൾ നടത്തുന്ന കാരുണ്യ യാത്രയിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ, ഇന്ധനച്ചെലവ് മാത്രം കഴിച്ച്, ബാക്കി തുകയും ജീവനക്കാരുടെ അന്നത്തെ വേതനവും പൂർണ്ണമായും ചികിത്സാ സഹായ നിധിയിലേക്ക് നൽകും. മുൻ എംഎൽഎ ലിന്റോ ജോസഫിന്റെ നേതൃത്വത്തിലും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളുടെ സഹകരണത്തിലുമാണ് ഈ സംരംഭം പുരോഗമിക്കുന്നത്.

മുക്കം കേന്ദ്രീകരിച്ച് ഓടുന്ന തോട്ടുമുക്കം, തിരുവമ്പാടി, ഓമശേരി, താമരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, കോഴിക്കോട് തുടങ്ങിയ മലയോര റൂട്ടുകളിലെ 30ലധികം സ്വകാര്യ ബസുകളാണ് ആദ്യഘട്ടത്തിൽ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്.അന്ന് ദീർഘദൂര, സൗജന്യ യാത്രകൾ ഒഴിവാക്കി സ്ത്രീകളും മറ്റ് യാത്രക്കാരും സ്വകാര്യ ബസുകളിൽ യാത്ര ചെയ്ത് ഫണ്ട് സമാഹരണത്തിന് സഹകരിക്കണമെന്ന് ചികിത്സാ സഹായകമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. ഒറ്റ പ്രസവത്തിലുണ്ടായ മൂന്ന് കുരുന്നുകളുടെയും ജീവൻ രക്ഷിക്കാൻ നിലവിൽ 10.5 കോടി രൂപയോളം സമാഹരിച്ചു കഴിഞ്ഞു. ഇനിയും 40 കോടിയോളം രൂപ പിരിക്കാനുണ്ട്.
