
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പോക്സോ നിയമ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
- കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി കെ. നൗഷാദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി (TLSC)യും ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയും സംയുക്തമായി ‘സുരക്ഷിത് ബച്പൻ അഭിയാൻ’ എന്ന പേരിൽ പോക്സോ ആക്ട് 2012-നെക്കുറിച്ചുള്ള നിയമ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനും പോക്സോ നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി കെ. നൗഷാദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ടി. ഷജിത അധ്യക്ഷത വഹിച്ചു.

പാനൽ അഭിഭാഷകയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ പ്രതിനിധിയുമായ അഡ്വ. പ്രിൻസി പി.പി. നിയമ ബോധവത്കരണ ക്ലാസ് നയിച്ചു. പോക്സോ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരമായ നടപടികൾ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹത്തിനുള്ള ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.സബ്ജില്ലാ ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ ഷൈനി ഒ. ആശംസകൾ നേർന്നു. ടി.എൽ.ബി.സി സെക്രട്ടറി കെ.എം. ദിലീപ് നന്ദി രേഖപ്പെടുത്തി.
