
വടകരയിൽ വിദ്യാർത്ഥിക്ക് ഷി ഗെല്ല സ്ഥിരീകരിച്ചു
- വടകരയിൽ മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർഥിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്
കോഴിക്കോട് വിദ്യാർഥിക്ക് ഷിഗെല്ല.വടകരയിൽ മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർഥിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്കൂളിലെ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റ് ഈ വിദ്യാർഥി ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് വൈകുന്നേരത്തോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി 30ഓളം വിദ്യാർഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്. ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ കോഴിക്കോട്ടെ ഒരു ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.ഇതിലൊരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധന ഫലങ്ങൾ ഇനി പുറത്ത് വരാനുണ്ട്.

കോഴിക്കോട് ഡിഎംഒയും വടകര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടുമടക്കമുള്ള ഒരു സംഘം സ്കൂളിൽ ഇന്ന് സന്ദർശനം നടത്തിയിരുന്നു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് താത്കാലികമായി നിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റാർക്കും രോഗ ലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
