
മൂന്നു വർഷം കൊണ്ട് കൊയിലാണ്ടിയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കും:’സ്മാർട്ട് കൊയിലാണ്ടി’ പദ്ധതിയുടെ ഉദ്ഘാടനം നവംബർ 12-ന്
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശ്രീമതി ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഉദ്ഘാടനം നിർവഹിക്കും
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലന കർമ്മ പദ്ധതിയായ ‘സ്മാർട്ട് കൊയിലാണ്ടി’യുടെ ഔദ്യോഗിക ഉദ്ഘാടനം 2026 നവംബർ 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ശ്രീമതി ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ കോൺക്ലേവിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ശുചിത്വ-മാലിന്യ പരിപാലന മാതൃകകൾ അവതരിപ്പിക്കും. ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കും. കൊയിലാണ്ടിയുടെ ശുചിത്വ മുന്നേറ്റത്തിന് ദിശാബോധം നൽകുന്ന ചർച്ചകളും ആശയവിനിമയങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.
മൂന്നു വർഷം കൊണ്ട് കൊയിലാണ്ടിയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കി മാറ്റുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സ്മാർട്ട് കൊയിലാണ്ടി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മാലിന്യത്തിന്റെ ഉറവിടത്തിലുള്ള വേർതിരിക്കൽ, ശാസ്ത്രീയമായ സംസ്കരണം, പൊതുഇടങ്ങളുടെ ശുചിത്വം, പരിസ്ഥിതി സംരക്ഷണം, നഗരസൗന്ദര്യവൽക്കരണം, ജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്നിവയ്ക്ക് പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകും. ഇതിനായി നഗരസഭാതലത്തിലും വാർഡുതലത്തിലും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനുള്ള സമഗ്ര കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നഗരസഭയുടെ വിവിധ സംവിധാനങ്ങളെയും ഹരിതകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരെയും ഏകോപിപ്പിച്ചുകൊണ്ട് ജനകീയ മുന്നേറ്റമായി പദ്ധതി നടപ്പിലാക്കും.

ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്വവും നഗരത്തിന്റെ പൊതുസംസ്കാരവുമായി മാറ്റിയെടുക്കുകയാണ് സ്മാർട്ട് കൊയിലാണ്ടിയുടെ ലക്ഷ്യം. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ സുസ്ഥിരമായ ശുചിത്വ സംസ്കാരം വളർത്തിയെടുത്ത് വൃത്തിയും ആരോഗ്യവും സൗന്ദര്യവുമുള്ള കൊയിലാണ്ടി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിലൂടെ തുടക്കം കുറിക്കുന്നത്.
കൊയിലാണ്ടി നഗരസഭ പത്രസമ്മേളനത്തിൽ
നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ, ഉപാധ്യക്ഷ സി.ടി. ബിന്ദു, സ്ഥിരം സമിതി ചെയർമാൻമാരായ എ. സുധാകരൻ, എം.പി. സുധീഷ്, കെ.എം. നജീബ്, നഗരസഭാസെക്രട്ടറി എൽ. പാർവതി ചന്ദ്രൻ, ഗ്രീൻ സിറ്റി മാനേജർ
പി.എ. വിനോദ് എന്നിവർ പങ്കെടുത്തു
