
വീടുകൾ വലുതാകുമ്പോൾ മനുഷ്യൻ ചെറുതാകുന്നുവോ? ചിന്തോദ്ദീപകമായി തിങ്കൾ സംവാദം
കെ. വി. മുഹമ്മദ് ശുഹൈബ് മോഡറേറ്ററായി സംവാദം നിയന്ത്രിച്ചു
കോഴിക്കോട്: വീടുകൾ വലുതാകുമ്പോൾ മനുഷ്യൻ ചെറുതാകുന്നുവോ? എന്ന കാലികവും ചിന്തോദ്ദീപകവുമായ വിഷയത്തിൽ യുവസാഹിതീ സമാജം ഫ്രാൻസിസ് റോഡിൽ സംഘടിപ്പിച്ച തിങ്കൾ സംവാദം ശ്രദ്ധേയമായി.വീടുകളുടെ വലുപ്പവും ആഡംബരവും വർധിക്കുമ്പോഴും മനുഷ്യബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സ്നേഹവും കരുതലും പങ്കുവെക്കലും കുറഞ്ഞുവരുന്നുണ്ടോ എന്ന ഗൗരവമേറിയ ചോദ്യമാണ് സംവാദം മുന്നോട്ടുവെച്ചത്. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങൾ, കുടുംബബന്ധങ്ങളുടെ ശിഥിലീകരണം, വ്യക്തികൾക്കിടയിലെ അകൽച്ച, അയൽപക്ക ബന്ധങ്ങളുടെ നഷ്ടം, ഉപഭോഗസംസ്കാരത്തിന്റെ സ്വാധീനം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു.ബഷീർ നെല്ലിയോട്ട് വിഷയം അവതരിപ്പിച്ചു. ഡോ. ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. സി. ടി. അബ്ദുൽ സലാം സ്വാഗതം ആശംസിച്ചു. കെ. വി. മുഹമ്മദ് ശുഹൈബ് മോഡറേറ്ററായി സംവാദം നിയന്ത്രിച്ചു.പ്രൊഫ. കെ. വി. ഉമർ ഫാറൂഖ്, പി. പി. അബ്ദുള്ള കുട്ടി, എസ്. വി. മക്തൂൽ അഹമ്മദ്, നൂറുൽ ഹസ്സൻ, ഹാഷിം, ബി. വി. സകീർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് തങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

ഭൗതികമായ വളർച്ചയ്ക്കൊപ്പം മാനുഷിക മൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നുവന്നു. വീട് എന്നത് കേവലം കോൺക്രീറ്റ് സൗധമല്ലെന്നും സ്നേഹവും സഹവർത്തിത്വവും പരസ്പര കരുതലും നിറയുന്ന ഇടമായിരിക്കണമെന്നുമുള്ള സന്ദേശം സംവാദം മുന്നോട്ടുവെച്ചു.കെ. എം. റാഷിദ് അഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.
