
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കുന്നു എന്ന വാർത്ത കമ്പനി നിഷേധിച്ചു
ഏറ്റെടുക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇതിൽ സത്യമില്ലെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ഓഹരി വിപണികൾക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കി.
കൊച്ചി : സ്വർണവായ്പാ മേഖലയിലേക്ക് ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊശമറ്റം ഫിനാൻസിനെ ഉൾപ്പെടെ ചില ധനകാര്യ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ മഹീന്ദ്ര ഫിനാൻസ് നീക്കം നടത്തുന്നതായി പുറത്തുവന്ന വാർത്ത കമ്പനി നിഷേധിച്ചു. ഏറ്റെടുക്കൽ സംബന്ധിച്ച റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ഇതിൽ സത്യമില്ലെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ഓഹരി വിപണികൾക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കി. കൊശമറ്റം ഫിനാൻസിനെ ഏറ്റെടുക്കാൻയാതൊരു സാധ്യതയും ഇല്ലെന്നും ചില കോണുകളിൽ നിന്നും തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

നവംബർ 23-ന് പുറത്തുവന്ന റിപ്പോർട്ടിൽ സ്വർണവായ്പാ മേഖലയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ചില സ്ഥാപനങ്ങളെ ഏറ്റെടുക്കാനുള്ള സാധ്യത മഹീന്ദ്ര ഫിനാൻസ് പരിശോധിക്കുന്നതായാണ് പറഞ്ഞിരുന്നത്. കൊശമറ്റം ഫിനാൻസ്, ഇൻഡെൽ മണി, ഐസിഎൽ ഫിൻകോർപ്, സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് എന്നിവ ഏറ്റെടുക്കൽ സാധ്യതയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതായും ,വാഹന വായ്പ്പകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹീന്ദ്ര ഫിനാൻസ് മറ്റ് വായ്പാ
മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വർണവായ്പാ ബിസിനസിലേക്ക്കടക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായും ഔദ്യോഗിക ഏറ്റെടുക്കൽ
വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ
വാർത്ത പുറത്തുവന്നതിന് പിന്നാലെ മഹീന്ദ്ര ഫിനാൻസ് നിലപാട് വ്യക്തമാക്കി.
