
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വീണ്ടും കടുപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ
ഡൽഹി അടക്കം നൂറിലധികം കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും.
ഡൽഹി: ഒരു ഇടവേളക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം വീണ്ടും കടുപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ. ഭരണഘടനാ ദിനമായ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ഡൽഹി അടക്കം നൂറിലധികം കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും. യൂത്ത് കോൺഗ്രസും എൻഎസ്ഐയും ജന്തർ മന്തറിലേക്ക് പ്രതിഷേധ റാലി നടത്തും. എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർഥി യുവജന സംഘടനകൾ, എസ്ഐആർ വിരുദ്ധ കൂട്ടായ്മ, പൗര സംഘടനകൾ എന്നിവരും അണിനിരക്കും. ഉച്ചയ്ക്ക് 12:30ന് മന്ദിർ മാർഗ് വാല്മീകി സദനിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുക. കൊക്രോച്ച് ജനതാ പാർട്ടിയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും പിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് തെരുവിലിറങ്ങും. ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്റെ ഭാഗമാകും. ഗ്യാനേഷ് കുമാറിൻ്റെ രാജിക്ക് പുറമേ 7 പ്രധാന ആവശ്യങ്ങളും കർഷക സംഘടനകൾ മുന്നോട്ട് വെക്കുന്നുണ്ട്. പ്രതിഷേധത്തിൻ്റെ ഭാഗമായി കനത്ത സുരക്ഷയിലാണ് ഡൽഹി.
