
ശബരിമല വെർച്ച്വൽ ക്യൂ: അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ ദർശന സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നു
തിരിച്ചറിയൽ വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനത്തിന്റെ അഭാവം ട്രാവൽ ഏജൻസികൾ മുതലെടുത്തതായാണ് സംശയം.
പത്തനംതിട്ട : ശബരിമലയിൽ തിരക്കുനിയന്ത്രണത്തിനായി ഏർപ്പെടുത്തിയ വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്ത് അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ ദർശന സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. വെബ്സൈറ്റിലെ ഗുരുതരമായ സുരക്ഷാ, സാങ്കേതിക പിഴവുകൾ മുതലെടുത്താണ് കൂട്ടബുക്കിങ് നടന്നതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലുകൾ. ആധാർ നമ്പർ നൽകേണ്ട സ്ഥാനത്ത് ഏതെങ്കിലും 12 അക്ക നമ്പർ നൽകിയാലും ബുക്കിങ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തൽ.തിരിച്ചറിയൽ വിവരങ്ങൾ കൃത്യമായി പരിശോധിക്കുന്ന സംവിധാനത്തിന്റെ അഭാവം ട്രാവൽ ഏജൻസികൾ മുതലെടുത്തതായാണ് സംശയം.

ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യാജമായി നൽകിയിട്ടും ബുക്കിങ് നടത്താൻ കഴിഞ്ഞിരുന്നു.തീർഥാടകരുടെ ഫോട്ടോ അപ്പ്ലോഡ് ചെയ്യേണ്ട സ്ഥാനത്ത് പത്രവാർത്തകളുടെ കട്ടിങ്ങുകളും സിസിടിവി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ അപ്ലോഡ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ദുർബലമായിരുന്നതാണ് ഇത്തരത്തിലുള്ള ദുരുപയോഗത്തിന് വഴിയൊരുക്കിയത്. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്ത് പിന്നീട് തീർഥാടകർക്ക് പണം വാങ്ങി വിൽക്കുന്നുവെന്നാണ് ആരോപണം.
