
പെൺ വഴിയിലെ നിറങ്ങളാൽ ചിത്രങ്ങളൊരുക്കി ശില്പ രതീഷ്
- ശ്രദ്ധ ആർട് ഗാലറിയിൽ രാവിലെ 11മണിമുതൽ 7 മണി വരെയുള്ള പ്രദർശനം ജൂൺ 30 ന് സമാപിക്കും
കൊയിലാണ്ടി:ശ്രദ്ധ ആർട് ഗാലറിയിലെ ചുവരുകളിലെ ക്യാൻവാസുകളിൽ ഇനി ചിത്രങ്ങൾ പെൺകഥൾ സംസാരിക്കും. പ്ലസ് ടു വിദ്യാർത്ഥിനിയായ ശില്പ രതീഷിൻ്റെ ‘ജേർണി ഇൻ കളേഴ്സ് ‘ചിത്രപ്രദർശനം ആശയപ്രാധാന്യവും നിറങ്ങളുടെ ഒത്തുചേരൽ കൊണ്ടും വളരെ വ്യത്യസ്തമാണ്.
ചിത്രരചന പഠിച്ചിട്ടില്ലാത്ത ശിൽപ്പയുടെ ചിത്രങ്ങൾ മിഴിവേറിയതാണ്.അക്രിലികിലാണ് ചിത്രങ്ങൾ മുഴുവനും വരച്ചിട്ടുള്ളത്.സമൂഹത്തിന്റെ കണ്ണാടിയാവുകയാണ് ഇവിടെ ചിത്രങ്ങൾ. സ്ത്രീകൾ സമൂഹത്തിലും കുടുംബത്തിലും പൊതു ഇടങ്ങളിലുമെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പെണ്ണുടൽ പറയുന്ന അർത്ഥതലങ്ങൾ പലപ്പോഴും എല്ലാവർക്കും മനസിലാവും വിധേനയാണ് ചായക്കൂട്ടുകളാൽ സമ്പന്നമാക്കിയിരിക്കുന്നത് ചിത്രകാരി.

തകർന്നുപോയ പെൺകുട്ടിയുടെ മുഖം, ഒറ്റപ്പെട്ടുപോയ പെൺകുട്ടിക്ക് കൂട്ടിരിക്കുന്ന കുയിൽ, ഒടിഞ്ഞു വീഴാറായ കള്ളിമുൾച്ചെടി തുടങ്ങി നീളുന്നു ശില്പയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ.ഇപ്പോഴത്തെ കേരളത്തിലെയും ഇന്ത്യയിലെയും പെൺ ജീവിത സാഹചര്യമാണ് ഇത്തരം പെൺ ജീവിതങ്ങൾ വരയ്ക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ചിത്രകാരി പറയുന്നു.പെൺ ജീവിതത്തിലെ നഷ്ട സ്വപ്നങ്ങളാണ് ശില്പയുടെ പ്രാധാന വിഷയം. ഗ്രാമസ്ത്രീകളും അവരുടെ വളർത്തു മൃഗങ്ങളും പക്ഷികളുമെല്ലാം ശില്പയുടെ ക്യാൻവാസിലൂടെ ജീവിക്കുന്നു.കതിരൂരിലെ താളിയിൽ വീട്ടിൽ അനിതയുടെയും രതീഷിന്റെയും മകളാണ് ശില്പ രതീഷ്.
ചിത്ര പ്രദർശനം 30 വരെ നീണ്ടുനിൽക്കും. ആർട് ഗാലറിയിൽ രാവിലെ 11മണിമുതൽ 7 മണി വരെയാണ് പ്രദർശനം.