
കോഴിക്കോടിന്റെ സാഹിത്യകാരന്മാർക്ക് യുനെസ്കോ വേദിയിൽ ആദരം
- എസ്.കെ.പൊറ്റക്കാടിനും എം.ടിയ്ക്കും പ്രത്യേക പരാമർശം
ബ്രാഗാ: കോഴിക്കോടിന്റെ സാഹിത്യത്തെയും ചരിത്രത്തെയും സാംസ്കാരികതയേയും യുനെസ്കോ വേദിയിൽ അവതരിപ്പിച്ച് മേയർ ബീനാ ഫിലിപ്പ്. കോഴിക്കോടിന്റെ എഴുത്തുകാരായ എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യലോകത്തെ സംഭാവനകളെക്കുറിച്ചുള്ള സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന മലബാർ ചരിത്രവും മേയർ വേദിയിൽ അവതരിപ്പിച്ചു .
സർഗാത്മക നഗരങ്ങളുടെ നിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സംവാദത്തിൽ സാഹിത്യ സാംസ്‌കാരിക പാരമ്പര്യങ്ങളെ സംബന്ധിച്ചുള്ള അവതരണത്തിലാണ് ഇരു സാഹിത്യകാരന്മാർക്കും ആദരവർപ്പിച്ചത്.

7 സർഗാത്മക വിഭാഗങ്ങളിലെ കൂട്ടായ്മകളിൽ സാഹിത്യനഗരങ്ങളുടെ ഗ്രൂപ്പിലാണ് കോഴിക്കോട് ഉൾപ്പെടുന്നത്. മേയർ ബീന ഫിലിപ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി എന്നിവർ കോഴിക്കോടിനെ പ്രതിനിധീകരിച്ച് യുനെസ്കോ വേദിയിലെത്തിയിരുന്നു. പുതുതായി സാഹിത്യനഗരപദവി നേടിയ കോഴിക്കോടിനെയും സംഗീതനഗര പദവി നേടിയ ഗ്വാളിയറിനെയും മറ്റു 53നഗരങ്ങളെയും സ്വാഗതം ചെയ്യുന്ന
‘ഇൻഡക്ഷൻ’ ചടങ്ങ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ നടന്നു.
സാഹിത്യനഗരപ്പട്ടികയിൽ മുൻപ് ഇടം പിടിച്ച നഗരങ്ങളുടെ പ്രതിനിധികളും പുതുതായി ചേർന്ന കോഴിക്കോടിന്റെ പ്രതിനിധികളും നഗരങ്ങളുടെ പദ്ധതികൾ അവതരിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിൽ പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെ ബെലോ പ്രസംഗിച്ചു.