
കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; സഞ്ചാരികളുടെ തിരക്ക്
- ഡാമിൻറെ സ്പിൽവെ ഷട്ടറുകൾ തുറന്നത് കാണുവാൻ നിരവധി സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട്
കക്കയം: മഴ ശക്‌തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇന്നലെ കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. കഴിഞ്ഞ വർഷത്തേയ്ക്ക് 7 അടി കുറവാണിത്. 2485അടി ആകുമ്പോൾ ഷട്ടർ തുറക്കും. 190 എംഎം മഴ ഡാം മേഖലയിൽ ലഭിച്ചിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയും, പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെയും പ്രധാന സ്രോതസ്സായ പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 38.89 മീറ്റർ ആണ്. കഴിഞ്ഞ വർഷത്തെക്കാൾ ജലത്തിൻറെ അളവ് കൂടുതലുണ്ട്.
ഡാം മേഖലയിൽ 157 എംഎം മഴ ലഭിച്ചു. നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്ന സെക്കൻഡിൽ 163.57 എംക്യൂബ് ജലം കുറ്റ്യാടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. ഇന്നലെ 1,978619 മില്യൻ ക്യുബിക്മീറ്റർ വെള്ളം ഉപയോഗിച്ച് 0.0891127 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഡാമിൻറെ സ്പിൽവെ ഷട്ടറുകൾ തുറന്നത്കാ ണുന്നതിനായി നിരവധി വിനോദ സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട്.