
കുന്ന്യോറമല മണ്ണിടിച്ചിൽ പുനരധിവാസ പാക്കേജ് ഉടൻ നടപ്പിലാക്കണം
കൊയിലാണ്ടി താലൂക്ക് വികസനസമിതി
കൊയിലാണ്ടി:താലൂക്ക് വികസന സമിതിയുടെ ആഗസ്ത് മാസത്തെ യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.തഹസില്‍ദാര്‍ അലി.കെ സ്വാഗതം പറഞ്ഞ യോഗത്തില്‍ പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭയിലെ പന്തലായനി വില്ലേജില്‍ കുന്ന്യോറ മലയില്‍ ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍വ്വഹണ ഏജന്‍സിയുടെ അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുണ്ടെന്നും, വീടുകള്‍ താമസ യോഗ്യമല്ലാത്ത സാഹചര്യത്തില്‍ പുനരധിവാസ പാക്കേജ് ഉള്‍പ്പെടെ അടിയന്തരമായി നടപ്പിലാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത് സംബന്ധിച്ച വിഷയം കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് അവതരിപ്പിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തില്‍ അത്യോടി ഇല്ലിപ്പിലായി കൂറ്റന്‍ പാറ കനത്തമഴയെ തുടര്‍ന്ന് അപകട ഭീഷണിയായി നില്‍ക്കുന്നുണ്ടെന്നും, പ്രദേശത്തെ 7 കുടുംബങ്ങള്‍ക്ക് കടുത്ത ഭീഷണിയായ പാറ പൊട്ടിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കെ.കെ , തഹസില്‍ദാര്‍ ഭൂരേഖ ഷിബു. കെ സമിതി അംഗങ്ങളായ വി.പി.ഇബ്രാഹിം കുട്ടി, രാജന് വര്‍ക്കി. ഇടത്തില്‍ ബാലകൃഷ്ണന് മുഹമ്മദലി പി.എം , മുരളീധരന് എം.കെ വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.