
രാജഗോപാലൻ നായർ അനുകരണീയ വ്യക്തിത്വം- മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി
കൊയിലാണ്ടി: ആദർശ നിലപാടും വ്യക്തി വിശുദ്ധിയും ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ച അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്നു ഇ.രാജഗോപാലൻ നായരെന്നും കോൺഗ്രസ് എസ്സിൻ്റെ കർമ്മ ഭടനായ് പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വിയോഗം കാലത്തിന് മായ്ക്കാൻ കഴിയാത്തതാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
രാഷ്ട്ര ചരിത്രത്തെയും രാഷ്ട്ര ശില്പികളെയും തിരോഭൂതമാക്കുന്ന ദേശവിരുദ്ധ നീക്കങ്ങൾക്ക് എതിരായി അണിനിരക്കാനുള്ള ചരിത്രധർമ്മം നിർവ്വഹിക്കാൻ രാജ്യസ്നേഹികൾ മുന്നോട്ട് വരണമെന്ന് കടന്നപ്പള്ളി കൂട്ടിച്ചേർത്തു.
രാജഗോപാലൻ നായരുടെ മുപ്പത്തി ഒന്നാം ചരമവാർഷികദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡൻ്റ് വി .ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പി.സോമശേഖരൻ, വി.പി. സുരേന്ദ്രൻ , കെ. കെ. കണ്ണൻ, എസ്. രവീന്ദ്രൻ, വടക്കയിൽ രാജൻ എന്നിവർ പ്രസംഗിച്ചു.