
Future Calicut 360: നാളെയുടെ കോഴിക്കോട് ഇന്ന് പണിയുമ്പോൾ…..
- നെല്ലിയോട്ട് ബഷീർ ഡയറക്ടർ, ടാഗോർ ഫൗണ്ടേഷൻ കേരള
കോഴിക്കോട് ഒരു നഗരം മാത്രമല്ല;ഓർമ്മകളുടെ ഒരു തുറമുഖമാണ്. കടലിന്റെ ഉപ്പുമണം മുതൽ മിഠായിത്തെരുവിന്റെ മധുരം വരെ, മാനാഞ്ചിറയുടെ പച്ചപ്പു മുതൽ പാളയത്തിന്റെ തിരക്കേറിയ വ്യാപാരവീഥികൾ വരെ, റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്കു മുതൽ ബീച്ചിലെ സായാഹ്നക്കാറ്റ് വരെ,ഓരോ കോണിലും കോഴിക്കോടിന് സ്വന്തം കഥ പറയുന്നുണ്ട്.കാലം മാറി; കഥ മാറി;നഗരത്തിന്റെ മുഖവും മാറി.പക്ഷേ മാറുന്ന കാലത്തിനൊപ്പം നഗരത്തിന്റെ വളർച്ചയെ എങ്ങനെ ക്രമീകരിക്കണം എന്ന ചോദ്യമാണ് ഇന്ന് ഏറ്റവും പ്രസക്തം. അതുകൊണ്ടുതന്നെ ‘Future Calicut 360’ എന്ന ആശയം ഒരു വികസനപദ്ധതിയുടെ പേര് മാത്രമാകരുത്; നാളെയുടെ കോഴിക്കോടിനെ സമഗ്രമായി കാണാനുള്ള ഒരു കാഴ്ചപ്പാടായി അത് മാറണം.
ഒരു നഗരത്തെ വികസിപ്പിക്കുക എന്നത് കുറച്ച് റോഡുകൾ വീതികൂട്ടുകയോ പുതിയ കെട്ടിടങ്ങൾ പണിയുകയോ മാത്രമല്ല. മനുഷ്യൻ എങ്ങനെ നഗരത്തിലൂടെ സഞ്ചരിക്കുന്നു,എവിടെ താമസിക്കുന്നു,എവിടെ ജോലി ചെയ്യുന്നു, എങ്ങനെ വ്യാപാരം നടത്തുന്നു,എങ്ങനെ വിശ്രമിക്കുന്നു, കുട്ടികൾക്ക് എവിടെ കളിക്കാം, വയോധികർക്ക് എവിടെ സുരക്ഷിതമായി നടക്കാം, മഴ പെയ്താൽ വെള്ളം എവിടേക്ക് ഒഴുകിപ്പോകും, മാലിന്യം എങ്ങനെ കൈകാര്യം ചെയ്യും,ഇതെല്ലാം ഒരുമിച്ച് ആലോചിക്കുമ്പോഴാണ് ഒരു നഗരം യഥാർത്ഥത്തിൽ വികസിക്കുന്നത്.
കോഴിക്കോടിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് ഗതാഗതത്തിനാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ റോഡുകളുടെ ശേഷി അതേ വേഗത്തിൽ വർധിച്ചിട്ടില്ല.അതിന്റെ ഫലമായി രാവിലെയും വൈകുന്നേരവും നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു.ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താൻ വേണ്ട സമയത്തേക്കാൾ കൂടുതൽ സമയം പലപ്പോഴും വാഹനങ്ങളുടെ നിരയിൽ ചെലവഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ഭാവിയിലെ കോഴിക്കോട് സ്വകാര്യ വാഹനങ്ങളെ മാത്രം ആശ്രയിക്കുന്ന നഗരമാകാതെ, പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുന്ന നഗരമാകണം.
കോഴിക്കോട് ടൗണിനെ ഒരു ഏകകമായി കാണുന്നതിനു പകരം വിവിധ പ്രവർത്തനമേഖലകളായി തിരിച്ചാണ് നഗരവികസനം ആസൂത്രണം ചെയ്യേണ്ടത്.റെയിൽവേ സ്റ്റേഷൻ-പാളയം-മാവൂർ റോഡ് മേഖല, മാനാഞ്ചിറ-മിഠായിത്തെരുവ്-എസ്.എം. സ്ട്രീറ്റ് മേഖല, പുതിയറ-എരഞ്ഞിപ്പാലം ഭാഗം, വെള്ളിമാടുകുന്ന്-കുണ്ടൂപ്പറമ്പ് ഭാഗം,മെഡിക്കൽ കോളജ് പരിസരം, വെസ്റ്റ്ഹിൽ-വെള്ളയിൽ മേഖല, ബീച്ച്-കല്ലായി-തീരദേശ മേഖല എന്നിവയ്ക്ക് അവയുടെ സ്വഭാവത്തിനനുസരിച്ചുള്ള വികസന മുൻഗണനകൾ നൽകാം. ഇതുവഴി നഗരത്തിന്റെ മുഴുവൻ തിരക്കും ഒരൊറ്റ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥ ഒഴിവാക്കാനാകും.
റെയിൽവേ സ്റ്റേഷനും അതിനോടു ചേർന്നുള്ള ടൗൺ മേഖലയുമാണ് നഗരത്തിന്റെ പ്രധാന കവാടങ്ങളിലൊന്ന്. ദിവസേന ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഈ പ്രദേശത്ത് യാത്രക്കാരുടെ സൗകര്യവും ഗതാഗത നിയന്ത്രണവും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. റെയിൽവേ,ബസ്, ഓട്ടോറിക്ഷ,ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശാസ്ത്രീയമാക്കണം. നഗരത്തിലേക്ക് എത്തുന്ന ഒരാൾക്ക് ആദ്യ നിമിഷം മുതൽ തന്നെ കോഴിക്കോട് ക്രമബദ്ധവും സൗഹൃദപരവുമായ നഗരമാണെന്ന് അനുഭവപ്പെടുന്ന തരത്തിൽ ഈ പ്രദേശത്തെ പുനഃക്രമീകരിക്കേണ്ടതുണ്ട്.
അതോടൊപ്പം പാളയം-മാവൂർ റോഡ്-പുതിയറ ഭാഗങ്ങളിലെ ഗതാഗത സമ്മർദ്ദവും പ്രത്യേകം പരിഗണിക്കണം. നഗരത്തിന്റെ പ്രധാന വ്യാപാര-സേവന കേന്ദ്രങ്ങളിലേക്ക് ആളുകൾ ഒഴുകിയെത്തുന്ന ഈ മേഖലയിൽ റോഡുകളുടെ ശേഷി, പാർക്കിംഗ്, കാൽനടയാത്ര, പൊതുഗതാഗതം എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവശ്യം. റോഡ് വീതികൂട്ടൽ മാത്രം പരിഹാരമല്ല.ഒരേ റോഡിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് യഥാർത്ഥ പരിഹാരം.
ഇതിനായി നഗരത്തിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ആകർഷകമാക്കണം. ബസ് സർവീസുകളുടെ എണ്ണം,റൂട്ടുകളുടെ ശാസ്ത്രീയ പുനഃക്രമീകരണം, സമയക്രമത്തിലെ കൃത്യത,യാത്രക്കാരുടെ സുരക്ഷ,ബസ് ബേകളുടെ സൗകര്യം എന്നിവ മെച്ചപ്പെടുത്തണം. നഗരത്തിന്റെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന ചെറിയ ദൂര സർവീസുകളും പ്രയോജനകരമാകും. സ്വകാര്യ വാഹനം എടുത്താൽ മാത്രമേ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനാകൂ എന്ന ധാരണ മാറിയാൽ മാത്രമേ നഗരത്തിലെ ഗതാഗതക്കുരുക്കിന് സ്ഥിരപരിഹാരം കണ്ടെത്താനാകൂ.
ഗതാഗതത്തോടൊപ്പം തന്നെ കാൽനടയാത്രക്കാരെയും നഗരത്തിന്റെ അവകാശികളായി കാണേണ്ട സമയമാണിത്. നഗരത്തിലെ പല പ്രധാന പാതകളിലും ഫുട്പാത്തുകൾ ഉണ്ടെങ്കിലും അവ തുടർച്ചയായതോ സഞ്ചാരയോഗ്യമായതോ ആയിരിക്കണമെന്നില്ല. ചിലയിടങ്ങളിൽ വ്യാപാര ആവശ്യങ്ങൾക്കും പാർക്കിംഗിനും മറ്റുപയോഗങ്ങൾക്കുമായി കാൽനടപ്പാതകൾ നഷ്ടപ്പെടുന്നു.ഭാവിയിലെ കോഴിക്കോട് കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതമായി നടക്കാൻ കഴിയുന്ന നഗരമാകണം. റോഡിന്റെ ഒരു ഭാഗം വാഹനങ്ങൾക്ക് മാത്രമുള്ളതല്ല;അതിൽ മനുഷ്യർക്കും തുല്യ അവകാശമുണ്ട് എന്ന ചിന്ത നഗരാസൂത്രണത്തിന്റെ അടിസ്ഥാനമാകണം.
ഇതിന്റെ തുടർച്ചയായാണ് സൈക്കിൾ യാത്രയ്ക്കും പ്രാധാന്യം നൽകേണ്ടത്. ചെറിയ ദൂരങ്ങൾക്കായി ഓരോരുത്തരും കാറും ബൈക്കും ഉപയോഗിക്കുന്ന രീതിയിലേക്ക് നഗരം മാറുമ്പോൾ ഗതാഗതവും മലിനീകരണവും ഒരുപോലെ വർധിക്കും. സുരക്ഷിതമായ സൈക്കിൾ പാതകളും നടപ്പാതകളും നഗരത്തിലെ പ്രധാന മേഖലകളെ ബന്ധിപ്പിച്ചാൽ ആരോഗ്യകരമായ മറ്റൊരു നഗരജീവിതത്തിലേക്ക് കോഴിക്കോടിന് കടക്കാൻ കഴിയും.
മറ്റൊരു പ്രധാന പ്രശ്നം മാലിന്യസംസ്‌കരണമാണ്. നഗരത്തിന്റെ സൗന്ദര്യത്തെ മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തെയും ഭാവിയെയും ബാധിക്കുന്ന വിഷയമാണിത്.മാലിന്യം ശേഖരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതിന്റെ ഉറവിടം മുതൽ സംസ്കരണം വരെ സമഗ്രമായ സംവിധാനം വേണം.വീടുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ,വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള മാലിന്യങ്ങളുടെ സ്വഭാവം വ്യത്യസ്തമാണ്. അതനുസരിച്ചുള്ള വേർതിരിവും ശേഖരണവും സംസ്കരണവും ഉറപ്പാക്കണം.
പ്രത്യേകിച്ച് വലിയ വ്യാപാരകേന്ദ്രങ്ങളും ഭക്ഷണശാലകളും ഉള്ള മിഠായിത്തെരുവ്,പാളയം, മാവൂർ റോഡ് തുടങ്ങിയ മേഖലകളിൽ മാലിന്യസംസ്‌കരണത്തിന് പ്രത്യേക മാതൃക രൂപപ്പെടുത്താം. ജൈവമാലിന്യം,പ്ലാസ്റ്റിക്, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ എന്നിവ വേർതിരിച്ച് കൈകാര്യം ചെയ്യുന്നതിലൂടെ നഗരത്തിന്റെ മാലിന്യഭാരം ഗണ്യമായി കുറയ്ക്കാം. ‘മാലിന്യം എവിടെയെങ്കിലും കൊണ്ടുപോയി കളയുക’ എന്ന പഴയ നഗരശീലത്തിൽ നിന്ന് ‘മാലിന്യത്തെ വിഭവമായി മാറ്റുക’ എന്ന പുതിയ സമീപനത്തിലേക്ക് കോഴിക്കോട് മാറണം.
മഴക്കാലത്തെ വെള്ളക്കെട്ടും നഗരത്തിന്റെ ഭാവി ആസൂത്രണത്തിൽ വളരെ പ്രധാനമാണ്.മഴ പെയ്യുമ്പോൾ ചില റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഗതാഗതത്തെയും വ്യാപാരത്തെയും ജനജീവിതത്തെയും ബാധിക്കുന്നു.അതിനാൽ റോഡ് നിർമ്മാണത്തോടൊപ്പം ഡ്രെയിനേജ് സംവിധാനവും ശാസ്ത്രീയമായി ആസൂത്രണം ചെയ്യണം. സ്വാഭാവിക ജലചാലുകളും തോടുകളും കുളങ്ങളും സംരക്ഷിക്കാതെ നഗരവികസനം മുന്നോട്ടുകൊണ്ടുപോകുന്നത് ഭാവിയിൽ വലിയ വില നൽകേണ്ടിവരുന്ന തീരുമാനമാകും.
കോഴിക്കോടിന്റെ തീരദേശ മേഖലക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.ബീച്ച് നഗരത്തിന്റെ വിനോദസഞ്ചാര മുഖമാണ്.എന്നാൽ കടലിനോട് ചേർന്ന പ്രദേശത്തെ വികസനം പരിസ്ഥിതി സൗഹൃദമായിരിക്കണം. കടൽത്തീരത്തിന്റെ സ്വാഭാവിക സൗന്ദര്യം സംരക്ഷിച്ചുകൊണ്ട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാം. കുടുംബങ്ങൾക്ക് സുരക്ഷിതമായി സമയം ചെലവഴിക്കാനും കുട്ടികൾക്ക് വിനോദത്തിനും യുവാക്കൾക്ക് സാംസ്കാരിക-കായിക പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കാനുമാകുന്ന ഒരു മികച്ച പൊതുസ്ഥലമായി തീരപ്രദേശത്തെ വികസിപ്പിക്കാം.
കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും വികസനത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. മിഠായിത്തെരുവ്, മാനാഞ്ചിറ,പഴയ വ്യാപാരകേന്ദ്രങ്ങൾ, കടൽത്തീരം തുടങ്ങിയ ഇടങ്ങൾ കെട്ടിടങ്ങളുടെയും റോഡുകളുടെയും കൂട്ടമല്ല; നഗരത്തിന്റെ ചരിത്രത്തിന്റെ ജീവനുള്ള ഭാഗങ്ങളാണ്. ആധുനികവത്കരണത്തിന്റെ പേരിൽ അവയുടെ സ്വഭാവം നഷ്ടപ്പെടരുത്. പഴമയും പുതുമയും കൈകോർക്കുന്ന രീതിയിലുള്ള പൈതൃക സംരക്ഷണമാണ് ആവശ്യം.
മാനാഞ്ചിറ പോലുള്ള നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെ പൊതുസ്ഥലങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതും പ്രധാനമാണ്. നഗരജീവിതത്തിൽ പാർക്കുകൾക്കും തുറന്ന ഇടങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. കുട്ടികൾക്ക് കളിക്കാനും വയോധികർക്ക് വിശ്രമിക്കാനും യുവാക്കൾക്ക് കൂടിച്ചേരാനും കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാനും കഴിയുന്ന പൊതുസ്ഥലങ്ങൾ വർധിക്കണം.ഒരു നഗരത്തിന്റെ ഗുണനിലവാരം അളക്കുന്നത് അതിലെ വലിയ കെട്ടിടങ്ങളുടെ എണ്ണത്തിൽ മാത്രമല്ല; അവിടെ മനുഷ്യർക്ക് എത്രത്തോളം സ്വതന്ത്രമായി ശ്വസിക്കാനും നടക്കാനും ജീവിക്കാനും കഴിയുന്നു എന്നതിലാണ്.ഇവിടെയാണ് സിറ്റി ഓഫ് ഹാപ്പിനെസ്സ് എന്ന കോൺസെപ്റ്റിന്റെ പ്രാധാന്യം.
ആരോഗ്യരംഗത്തും കോഴിക്കോട് വലിയ സാധ്യതകളുള്ള നഗരമാണ്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി മെഡിക്കൽ ഹബ്ബായി വളരാനുള്ള സാധ്യത ഉപയോഗപ്പെടുത്തണം. രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കും താമസം,ഗതാഗതം, ഭക്ഷണം,വിവരസഹായം, അടിയന്തര സേവനം എന്നിവ എളുപ്പത്തിൽ ലഭ്യമാകുന്ന സംവിധാനം രൂപപ്പെടുത്താം. ആരോഗ്യസേവനങ്ങൾ നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവന നൽകുന്ന മേഖലയായി മാറും.ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട ഒരു പ്രധാന കാര്യമാണ് നമ്മുടെ നാട്ടിലെ പൊതു ശൗചാലയങ്ങളുടെ അവസ്ഥ.വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ തിരിച്ചു കയറുന്നത് വരെ മുട്ട് സഹിച്ചു തന്നെ നടക്കണം എന്നുള്ളതാണ് നമ്മുടെ പട്ടണത്തിന്റ സ്ഥിതി. ഇത് ആരോഗ്യ രംഗത്തെ ശ്രദ്ധിക്കപ്പെടേണ്ട പ്രധാന വസ്തുതയാണ്.
വിദ്യാഭ്യാസരംഗത്തും കോഴിക്കോടിന്റെ സാധ്യതകൾ വലുതാണ്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിശീലനകേന്ദ്രങ്ങളെയും ഗവേഷണ സംവിധാനങ്ങളെയും സാങ്കേതികവിദ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ഒരു വിജ്ഞാനനഗരത്തിന്റെ സ്വഭാവം വളർത്താം. യുവജനങ്ങൾ പഠിക്കാൻ മാത്രം നഗരത്തിലെത്താതെ പഠിച്ചശേഷം സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ സൃഷ്ടിക്കാനും കഴിയുന്ന അന്തരീക്ഷം ഉണ്ടാകണം.
വ്യാപാരവും ചെറുകിട സംരംഭങ്ങളും കോഴിക്കോട് നഗരത്തിന്റെ സാമ്പത്തിക ഹൃദയമാണ്.പരമ്പരാഗത വ്യാപാരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവയെ നവീകരിക്കണം. പാർക്കിംഗ്,ചരക്ക് കയറ്റിറക്ക്,നടപ്പാത, ശുചിത്വം,സുരക്ഷ, രാത്രികാല വ്യാപാര സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തിയാൽ നഗരത്തിലെ വ്യാപാരമേഖലയ്ക്ക് പുതിയ ഉണർവ് ലഭിക്കും.
വിനോദസഞ്ചാരത്തെ നഗരവികസനവുമായി ബന്ധിപ്പിക്കുന്നതും ഭാവിയിലെ കോഴിക്കോടിന് വലിയ അവസരമാണ്.ഭക്ഷണം, ചരിത്രം,സാഹിത്യം,കടൽ, വ്യാപാരപാരമ്പര്യം, സംസ്കാരം,ഇവയെല്ലാം ചേർന്ന ഒരു പ്രത്യേക അനുഭവമാണ് കോഴിക്കോട്. ‘കോഴിക്കോടൻ രുചി’ തന്നെ ഒരു ടൂറിസം ബ്രാൻഡായി വളർത്താൻ കഴിയും.നഗരത്തിലെ പ്രധാന സാംസ്കാരിക-ചരിത്ര ഇടങ്ങളെ ബന്ധിപ്പിക്കുന്ന ഹെറിറ്റേജ് വാക്കുകൾ, ഫുഡ് ടൂറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ കൂടുതൽ സജീവമാക്കാം.
എന്നാൽ ഈ വികസനത്തിന്റെ കേന്ദ്രത്തിൽ മനുഷ്യനുണ്ടാകണം. സാങ്കേതികവിദ്യയും സ്മാർട്ട് സംവിധാനങ്ങളും ആവശ്യമാണ്.ട്രാഫിക് നിയന്ത്രണം,പാർക്കിംഗ്, മാലിന്യശേഖരണം, തെരുവുവിളക്കുകൾ, പൊതുസേവനങ്ങൾ എന്നിവ ഡിജിറ്റൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാം.പക്ഷേ ‘സ്മാർട്ട് സിറ്റി’ എന്നത് മൊബൈൽ ആപ്പുകളും ക്യാമറകളും സെൻസറുകളും മാത്രമല്ല. ഒരു വയോധികന് റോഡ് മുറിച്ചുകടക്കാൻ കഴിയുന്ന നഗരം,ഒരു കുട്ടിക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്ന നഗരം,ഭിന്നശേഷിക്കാരന് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന പട്ടണം,സ്ത്രീകൾക്ക് രാത്രിയിലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന നഗരം,അതാണ് യഥാർത്ഥ സ്മാർട്ട് സിറ്റി.
ഇതിനായി നഗരത്തെ 360 ഡിഗ്രിയിൽ കാണേണ്ടതുണ്ട്.വടക്ക് മുതൽ തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും മാത്രമല്ല, ഭൂതകാലം മുതൽ ഭാവി വരെയും കാണണം.ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് മാത്രം പരിഹാരം തേടാതെ അടുത്ത ഇരുപതും മുപ്പതും വർഷം കഴിഞ്ഞുള്ള കോഴിക്കോടിനെക്കുറിച്ച് ചിന്തിക്കണം.ജനസംഖ്യ എങ്ങനെ മാറും? വാഹനങ്ങളുടെ എണ്ണം എത്രയാകും? കാലാവസ്ഥാ വ്യതിയാനം നഗരത്തെ എങ്ങനെ ബാധിക്കും?പുതിയ തൊഴിൽ മേഖലകൾ ഏതൊക്കെയാകും? യുവാക്കൾക്ക് എന്താണ് ആവശ്യം? മുതിർന്നവർക്ക് എങ്ങനെയുള്ള നഗരം വേണം?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നഗരത്തിന്റെ ഭാവി രൂപപ്പെടുത്തേണ്ടത്.‘Future Calicut 360’@2050 എന്ന രീതിയിലേക്കെങ്കിലും മാറണം.
‘Future Calicut 360’ എന്ന ആശയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സമഗ്രതയിലാണ്.ഒരു മേഖല മാത്രം വികസിച്ചാൽ നഗരം വികസിക്കില്ല.റെയിൽവേ സ്റ്റേഷൻ മനോഹരമായാലും അതിലേക്കുള്ള റോഡ് തകർന്നുകിടക്കുകയാണെങ്കിൽ വികസനം അപൂർണമാണ്.റോഡ് മികച്ചതായാലും ഫുട്പാത്തില്ലെങ്കിൽ വികസനം അപൂർണമാണ്. ഫുട്പാത്തുണ്ടായാലും ഡ്രെയിനേജ് ഇല്ലെങ്കിൽ വികസനം അപൂർണമാണ്. മാലിന്യസംസ്‌കരണം ഇല്ലെങ്കിൽ നഗരസൗന്ദര്യം അപൂർണമാണ്. പരിസ്ഥിതി സംരക്ഷണമില്ലെങ്കിൽ സാമ്പത്തിക വളർച്ചയും അപൂർണമാണ്.
അതിനാൽ നാളെയുടെ കോഴിക്കോട് പണിയേണ്ടത് കോൺക്രീറ്റുകൊണ്ട് മാത്രമല്ല;കൃത്യമായ ആസൂത്രണം, ജനപങ്കാളിത്തം, സാങ്കേതികവിദ്യ, പരിസ്ഥിതി ബോധം, പൈതൃക സംരക്ഷണം, മനുഷ്യസൗഹൃദ സമീപനം എന്നിവ ചേർത്താണ്. നഗരത്തിലെ ഓരോ പ്രദേശത്തിനും അതിന്റെ സ്വഭാവമനുസരിച്ചുള്ള മുൻഗണന നൽകുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും വേണം.
കോഴിക്കോട് എങ്ങനെയായിരിക്കണം എന്ന ചോദ്യം അധികാരികളുടെ മാത്രം ചുമതലയല്ല.ഈ നഗരത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ചോദ്യമാണത്. വ്യാപാരിക്കും വിദ്യാർത്ഥിക്കും തൊഴിലാളിക്കും അധ്യാപകനും ഡോക്ടർക്കും ഓട്ടോ ഡ്രൈവർക്കും വീട്ടമ്മയ്ക്കും വയോധികനും കുട്ടിക്കും ഒരുപോലെ അവകാശപ്പെട്ട നഗരമാണ് കോഴിക്കോട്.
ഇന്ന് നാം കാണുന്ന കോഴിക്കോട് നാളെയുടെ കോഴിക്കോട് അല്ല.നാളെ ജനിക്കുന്ന തലമുറയ്ക്ക് നാം കൈമാറേണ്ട നഗരം അതിനേക്കാൾ മികച്ചതായിരിക്കണം. ചരിത്രത്തെ മറക്കാതെ ആധുനികതയെ സ്വീകരിക്കുന്ന, വാഹനങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ഇടമുള്ള, വികസനത്തിനൊപ്പം പ്രകൃതിയെയും സംരക്ഷിക്കുന്ന, വ്യാപാരത്തിനൊപ്പം സംസ്കാരത്തെയും വളർത്തുന്ന, സാങ്കേതികവിദ്യയ്ക്കൊപ്പം മാനുഷികതയും കാത്തുസൂക്ഷിക്കുന്ന ഒരു നഗരം.
അങ്ങനെയൊരു കോഴിക്കോട് സ്വപ്നം കാണുമ്പോഴാണ് “Future Calicut 360”@2050 ഒരു പദ്ധതിയിൽ നിന്ന് ഒരു പ്രസ്ഥാനമായി മാറുന്നത്. നഗരം മാറേണ്ടത് നാളെ മുതൽ അല്ല,ഇന്ന് മുതൽ തന്നെയാണ്.കാരണം ഭാവിയിലെ കോഴിക്കോട് ഒരുദിവസം പെട്ടെന്ന് ഉണ്ടാകുന്നതല്ല; ഇന്ന് നാം എടുക്കുന്ന ഓരോ ചെറിയ തീരുമാനങ്ങളിലൂടെയും, ഓരോ റോഡിലും,ഓരോ പൊതുസ്ഥലത്തിലും, ഓരോ മാലിന്യപ്പെട്ടിയിലും, ഓരോ യാത്രയിലും, ഓരോ പച്ചത്തുരുത്തിലും, ഓരോ മനുഷ്യസൗഹൃദ തീരുമാനത്തിലൂടെയും അത് പതുക്കെ രൂപപ്പെടുകയാണ്.കോഴിക്കോടിന്റെ തെക്കും വടക്കും,നഗര ഹൃദയത്തിലെ കോർപ്പറേഷനും കൂട്ടായ മെഷിനറി ചലിക്കണം.
നാളെയുടെ കോഴിക്കോട് എങ്ങനെയായിരിക്കണം എന്നത് ഭാവി തീരുമാനിക്കേണ്ട കാര്യമല്ല.ഇന്ന് നാം എങ്ങനെ കോഴിക്കോട് പണിയുന്നു എന്നതാണ് അതിന്റെ ഉത്തരം.അതിനുള്ള ചുവടുവെപ്പായി‘Future Calicut 360’കോൺക്ലേവ് കാണാം. എത്രയോ കോൺക്ലേവുകൾ നടന്ന എത്രയോ ചർച്ചകൾ നടന്ന, എത്രയോ വട്ടമേശ സമ്മേളങ്ങൾ നടന്ന നാട്ടിൽ യുവജനപ്രതിനിധികളുടെ കാഴ്ചപ്പാടിൽ ജനങ്ങൾ ഉറ്റുനോക്കുകയാണ്. പ്രത്യാശിക്കാം… പ്രതീക്ഷയർപ്പിക്കാം…..
കോൺക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീഷൻ നിർവ്വഹിക്കുമ്പോൾ പ്രതീക്ഷയുടേയും പ്രത്യാശയുടേയും അതിർവരമ്പുകൾ ലംഘിക്കപ്പെടുക തന്നെ ചെയ്യും.
