
ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്ന് മാറ്റി;ഊര് എന്ന പേര് തന്നെ നിലനിർത്താൻതീരുമാനിച്ചതായി മന്ത്രി കെ എ തുളസി
- പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത് ഊര് മൂപ്പൻമാരുടെ അഭ്യർഥന മാനിച്ചാണ്
ന്യൂഡൽഹി: ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്നാക്കിയത് മാറ്റുന്നു. പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത് ഊര് മൂപ്പൻമാരുടെ അഭ്യർഥന മാനിച്ചാണെന്ന് പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ എ തുളസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പിണറായി സർക്കാരാണ് സംസ്ഥാനത്തെ ആദിവാസി ഊരുകളുടെ പേര് ഉന്നതി എന്നാക്കിയത്. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബ്രാന്റിങിന്റെ ഭാഗമാണ് പേരുമാറ്റം. ഈ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഊര് മൂപ്പന്മാരും ആദിവാസി സംഘടനകളും സർക്കാരിന് പരാതി നൽകിയിരുന്നു.തങ്ങളുടെ പാരമ്പര്യത്തിന്റേയും സംസ്കാരത്തിൻ്റേയും അവിഭാജ്യ ഘടകമാണ് ഊര് എന്ന് മൂപ്പൻമാർ സർക്കാരിനെ അറിയിച്ചു. പേരുമാറ്റം ആദിവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തിനും സ്വത്വത്തിനും കോട്ടം തട്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം പരിഗണിച്ചാണ് സർക്കാർ പഴയ പേര് തിരികെ നൽകാൻ തീരുമാനിച്ചതെന്ന് തുളസി പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സംസ്കാരവും സംരക്ഷിച്ചു കൊണ്ട് തന്നെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. വികസനം എന്നത് പേര് മാറ്റുന്നത് മാത്രമല്ല. അവരുടെ ജീവിതനിലവാരം ഉയർത്തുന്നതും അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഊര് മൂപ്പന് പ്രത്യേക അംഗീകാരം നൽകുന്ന കാര്യംസർക്കാറിന്റെ പരിഗണനയിലാണ്. മൂപ്പനെ അംഗീകരിക്കുക ഒരു പ്രദേശത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്. ആ പദവിയിലുള്ളവരുടെ അഭിപ്രായങ്ങളെ സർക്കാർ കേൾക്കും.കെ രാധാകൃഷ്ണണൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രിയായിരിക്കെയാണ്, പട്ടിക ജാതിക്കാർ കൂടുതലായി കഴിയുന്ന സ്ഥലങ്ങളുടെ പേരിനൊപ്പം കോളനി എന്ന് ഉപയോഗിക്കുന്നതിനു പകരം നഗർ എന്നാക്കിയത്. ഇതിനൊപ്പം പട്ടിക വർഗക്കാരുടെ (ആദിവാസി) വാസസ്ഥാനങ്ങളുടെ ഊര് എന്ന പേര് ഉന്നതി എന്നും ആക്കിയിരുന്നു.
