
ഇരുട്ടിൽ ആരോ പതിയിരിക്കുന്നോ ?ഭയം വേണ്ട; ജാഗ്രത വേണം
- കഴിഞ്ഞ ദിവസങ്ങളിൽ കടകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി ജില്ലയിൽ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കോഴിക്കോട്: മഴക്കാലമായതോടെ ഗ്രാമപദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ മോഷണം വ്യാപിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കടകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി ജില്ലയിൽ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ ഒരു വീട്ടിൽ ഉണ്ടായ സംഭവം ഇങ്ങനെ: രാത്രി 12 മണി കഴിഞ്ഞിരിക്കും. നായ കുരയ്ക്കുന്നത് കേട്ട് വീട്ടുകാർ നോക്കുമ്പോൾ വീടിന്റെ വരാന്തയിൽ ഒരാൾ നിൽക്കുന്നതാണ് കാണുന്നത്. ആരാണെന്ന് വിളിച്ച് ചോദിച്ചപ്പാേൾ പോർച്ചിലേക്ക് മാറി നിന്നു. മുഴുവൻ ലൈറ്റുകളും ഓണാക്കിയപ്പാേൾ ഇതേ വേഷത്തിൽ രണ്ടാൾ കൂടി ഗേറ്റിനടുത്ത് നിൽപ്പുണ്ടായിരുന്നു. മൂന്നു പേരും ട്രൗസറാണ് ധരിച്ചിട്ടുള്ളത്. തലയിൽ കവറും കയ്യിൽ എന്തോ പൊതിഞ്ഞ് വെച്ചിരുന്നതായും പറയുന്നു.

അയൽക്കാരെ വിളിച്ച് എല്ലാവരും ലൈറ്റിട്ടപ്പാേഴാണ് ഇവർ കടന്ന് കളഞ്ഞത്. സമീപ പ്രദേശങ്ങളിലും സമാന സംഭവങ്ങൾ നടന്നതായി പറയുന്നു. ഇതേ ദിവസം തന്നെ 10-മണി കഴിഞ്ഞപ്പാേൾ മറ്റാെരു വീട്ടിൽ കോളിങ് ബെൽ അടിച്ച.വീട്ടിലെ സ്ത്രീകൾ അപരിചിതനെ കണ്ട് ബഹളംവെച്ച് അയൽവാസികളെ കൂട്ടി. അതോടെ അയാൾ രക്ഷപ്പെട്ടു.
വാഹനത്തിൽ നിന്നും ബാറ്ററിയും മറ്റും ഊരിയെടുക്കുന്ന സംഭവവും പലേടത്തും ഉണ്ടായതായി പറയുന്നു. എന്തു തന്നെയായാലും രാത്രി എന്തെങ്കിലും ശബ്ദം കേട്ടാൽ വാതിൽ തുറക്കരുത്. ജാലകത്തിലൂടെ നോക്കാം. സംശയം തോന്നിയാൽ അയൽ വീട്ടുകാരെയും പാേലീസിനേയും അറിയിക്കുക. ആരും ഭയപ്പെടേണ്ടതില്ല. ജാഗ്രതയോടെ നിന്നാൽ മതി.
CATEGORIES News