
കുതിരലായവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച കേസിലെ പ്രതിയുടെ രണ്ട് കുതിരകളെ ഏറ്റെടുക്കാൻ കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചു
- വെസ്റ്റ് ഹിൽ ബിജി റോഡ് സ്വദേശി ഷിംജിത്ത് (40) ജുഡീഷ്യൽ കസ്റ്റഡിയിലായതോടെ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായ രണ്ട് കുതിരകളെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സംരക്ഷണത്തിലേക്ക് മാറ്റുന്നത്
കോഴിക്കോട്: കുതിരലായവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച കേസിലെ പ്രതിയുടെ രണ്ട് കുതിരകളെ ഏറ്റെടുക്കാൻ കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചു. വെസ്റ്റ് ഹിൽ ബിജി റോഡ് സ്വദേശി ഷിംജിത്ത് (40) ജുഡീഷ്യൽ കസ്റ്റഡിയിലായതോടെ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായ രണ്ട് കുതിരകളെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സംരക്ഷണത്തിലേക്ക് മാറ്റുന്നത്.കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് വെസ്റ്റ് ഹിൽ ബിജി റോഡിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഷിംജിത്തിന്റെ വീടിനോട് ചേർന്നുള്ള താല്ക്കാലിക കുതിരലായത്തിൽ നിന്നുള്ള മാലിന്യവും കുതിരച്ചാണകവും അതിർത്തി തർക്കവും സംബന്ധിച്ച് അയൽവാസിയായ പുഷ്പലതയുമായി (59) മാസങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവദിവസം വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങിയെത്തിയ പുഷ്പലതയുമായി ഷിംജിത്ത് വീണ്ടും വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് എയർഗൺ ഉപയോഗിച്ച് മൂന്നുതവണ വെടിയുതിർക്കുകയുമായിരുന്നു.

വയറ്റിൽ രണ്ട് വെടിയേറ്റ പുഷ്പലതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവസ്ഥലത്തുനിന്ന് തന്നെ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു പ്രതി ജയിലിലായതോടെ വീട്ടിലുണ്ടായിരുന്ന കുതിരകൾ തീറ്റയോ വെള്ളമോ ലഭിക്കാതെ ഒറ്റപ്പെട്ട നിലയിലായി. കഴിഞ്ഞ നാല് ദിവസമായി സമീപവാസികളാണ് ഇവയ്ക്ക് തീറ്റയും വെള്ളവും നൽകി പരിപാലിച്ചിരുന്നത്. എന്നാൽ മൃഗങ്ങളുടെ ക്ഷേമവും പൊതുജനാരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് കോർപ്പറേഷൻ ഇടപെടൽ നടത്തിയത്. സാധാരണ ജീവനക്കാർക്ക് കുതിരകളെ പരിപാലിക്കാൻ സാധിക്കാത്തതിനാൽ ഇവയെ നോക്കാൻ വിദഗ്ദ്ധരായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ വ്യക്തമാക്കി. വനംവകുപ്പിൻ്റെ സഹായം തേടുമെന്നും വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ വൈദ്യപരിശോധനയും ഭക്ഷണക്രമവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.
