
കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ്
- കെപിസിസി നിർദേശിക്കുന്ന ഏതൊരു സമയത്തും ചുമതല കൈമാറാൻ തയ്യാറാണ് -മന്ത്രി പറഞ്ഞു
തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ താൻ തയ്യാറാണെന്നും രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചുവെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. തനിക്കെതിരെ ഫ്ലെക്സ് ബോർഡ് വെക്കുന്നത് ആരാണെന്ന് അറിയില്ല. നല്ല ഉദ്ദേശ്യത്തിലും മോശം ഉദ്ദേശ്യത്തിലും വെക്കുന്നുണ്ടാകാം. കെപിസിസി നിർദേശിക്കുന്ന ഏതൊരു സമയത്തും ചുമതല കൈമാറാൻ തയ്യാറാണ് -മന്ത്രി പറഞ്ഞു. കോട്ടയത്ത് മന്ത്രിക്കെതിരെ ഫ്ലെക്സ് ബോർഡുകൾ ഉയർന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമെങ്കിലും ചെറിയ തോതിലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറവുണ്ട്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാതെ ഉഷ്ണതരംഗം വർധിച്ചു. രാജ്യത്താകെ വൈദ്യുതി ഉപഭോഗം കൂടി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് ജൂൺ 15ഓടെയാണ് തിരിച്ചുനൽകേണ്ടിയിരുന്നത്. അത് തിരിച്ചുനൽകാതിരിക്കാൻ നിർവാഹമില്ല. ഇതും പ്രതിസന്ധിയായി. മഴ കുറഞ്ഞത് കൊണ്ട് ജലംസംഭരണികളിൽ വെള്ളം കുറവായതും പ്രതിസന്ധിയാണ്. പ്രതിസന്ധി ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല -മന്ത്രി പറഞ്ഞു.ഇതിൽ സർക്കാരിന്റെ വീഴ്ചയില്ല. കടം വാങ്ങിയ വൈദ്യുതി മടക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ വീഴ്ചയായി പറയാനാകില്ല. നല്ല മഴ കിട്ടേണ്ട സീസണിൽ കേരളത്തിൽ മഴ കുറഞ്ഞതാണ് പ്രധാനപ്പെട്ട കാരണം -മന്ത്രി പറഞ്ഞു.
