
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
- കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശ്ശൂർ ടൈറ്റൻസും തമ്മിൽ ഉച്ചയ്ക്ക് 2.30-നാണ് ആദ്യമത്സരം.
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ് ലീഗ്) മൂന്നാം സീസണ് വ്യാഴാഴ്ച തുടക്കമാകും. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശ്ശൂർ ടൈറ്റൻസും തമ്മിൽ ഉച്ചയ്ക്ക് 2.30-നാണ് ആദ്യമത്സരം. രാത്രി 7.45-ന് നടക്കുന്ന രണ്ടാംമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ളൂ ടൈഗേഴ്സ് റണ്ണർ അപ്പുകളായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നേരിടും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 15 ദിവസങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 107 താരങ്ങൾ ആറ് ടീമുകളിലായി അണിനിരക്കും.

സെപ്റ്റംബർ അഞ്ചിനാണ് ഫൈനൽ. ദിവസവും നടക്കുന്ന രണ്ട് കളികളിൽ ഒരെണ്ണം ഫ്ളഡ്ലൈറ്റിലായിരിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.താരലേലത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ (കെ.സി.എ.) രജിസ്റ്റർ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്. കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന മികച്ച വിനോദ പരിപാടികളും കലാപ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറും. ചടങ്ങിൽ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി നായർ, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ, സിഇഒ മിനു ചിദംബരം, ബോർഡ് അംഗങ്ങൾ പങ്കെടുക്കും. കെ.സി.എൽ. ചാമ്പ്യന്മാർക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക.
രണ്ടാംസ്ഥാനക്കാർക്ക് 20 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യക്തിഗത പുരസ്കാരങ്ങളടക്കം 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. മോഹൻലാലാണ് കെ.സി.എൽ. ബ്രാൻഡ് അംബാസഡർ. സഞ്ജു സാംസണാണ് ടൂർണമെന്റ് ഐക്കൺ താരം. ഇത്തവണ കാണികൾക്കായി സ്റ്റേഡിയത്തിൽ ഫാൻ പാർക്കും സജ്ജമാക്കിയിട്ടുണ്ട്.
