റോഡിലെ ചളിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; എസ്.എൻ.ഡി.പി. കോളേജിലേക്കുള്ള യാത്ര തടസപ്പെട്ടു

റോഡിലെ ചളിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; എസ്.എൻ.ഡി.പി. കോളേജിലേക്കുള്ള യാത്ര തടസപ്പെട്ടു

  • ഇന്ന് രാവിലെ നാട്ടുകാർ റോഡ് കല്ല് വെച്ച് ഭാഗികമായി തടഞ്ഞു. ഇതോടെ വിദ്യാർത്ഥികൾക്ക് കോളേജിലേക്ക് എത്തുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടു

കൊയിലാണ്ടി: ബൈപ്പാസിൽ നിന്ന് എസ്.എൻ.ഡി.പി. കോളേജിലേക്കും ഗുരുദേവ കോളേജിലേക്കും പോകുന്ന റോഡിലെ രൂക്ഷമായ ചളിയും ദുരിതപൂർണമായ യാത്രാസാഹചര്യവും പ്രതിഷേധാർഹമാണെന്ന് ആരോപിച്ച് ഇന്ന് രാവിലെ നാട്ടുകാർ റോഡ് കല്ല് വെച്ച് ഭാഗികമായി തടഞ്ഞു. ഇതോടെ വിദ്യാർത്ഥികൾക്ക് കോളേജിലേക്ക് എത്തുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടു.റോഡിന്റെ മേലോട്ടുള്ള ഭാഗം മുഴുവൻ ചളിയായതിനാൽ വിദ്യാർത്ഥികളും നാട്ടുകാരും ഇരുചക്രവാഹനങ്ങളിൽ നിന്ന് വഴുതി വീഴുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായില്ലെന്ന പരാതിയും നാട്ടുകാർ ഉയർത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി വാഹനഗതാഗതം തടഞ്ഞ നാട്ടുകാർ, സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാതെ വിദ്യാർത്ഥികളെ ഈ റോഡിലൂടെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടും സ്വീകരിച്ചു. ഇതോടെ സ്ഥലത്ത് പ്രതിഷേധം ശക്തമായി.അതേസമയം, വിദ്യാർത്ഥികളും കൂട്ടമായി പ്രതിഷേധിച്ച് കോളേജിലേക്കുള്ള യാത്ര അടിയന്തരമായി സുഗമമാക്കണമെന്നും റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം നാട്ടുകാരും വിദ്യാർത്ഥികളും ശക്തമായി ഉന്നയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )