
കൊയിലാണ്ടി വലിയമലയിൽ വൻ മണ്ണിടിച്ചിൽ; അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
- സംഭവത്തെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ പ്രദേശത്ത് സന്ദർശനം നടത്തി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.
കൊയിലാണ്ടി: നഗരസഭയിലെ 25-ാം വാർഡിൽ വലിയമലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വലിയമലയിലെ അരയിൽ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ പ്രദേശത്ത് സന്ദർശനം നടത്തി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുകയായിരുന്നു.സ്ത്രീകളെയും കുട്ടികളെയും സമീപത്തെ മരുതൂർ ആരോഗ്യ കേന്ദ്രത്തിലേക്കും പുരുഷന്മാരെ മരുതൂർ സ്കൂളിലേക്കുമാണ് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്ത് നഗരസഭയും റവന്യൂ വകുപ്പും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.

വലിയമലയുടെ പടിഞ്ഞാറൻ ഭാഗത്ത് വർഷങ്ങളായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പാണ് ഇത്തരത്തിലുള്ള മണ്ണിടിച്ചിലുകൾക്ക് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. അനധികൃത മണ്ണെടുപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശാസ്ത്രീയ പഠനം നടത്തി അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
