
ഗുരു ചേമഞ്ചേരിയുടെ 109-ാം ജന്മദിനം ആഘോഷിച്ചു
- കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സംഗീതാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു
ചേലിയ: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ പത്മശ്രീ ഗുരു
ചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി ’24 ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമയിൽ പുഷ്പാർച്ചനയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ , നാട്ടുകാർ, സാംസ്കാരിക- സാമൂഹിക പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം സമൂഹത്തിൻ്റെ നാനാതുറകളിൽപെട്ട നിരവധിപേർ പങ്കെടുത്തു .
കഥകളി വിദ്യാലയം സംഗീത വിഭാഗം സംഘടിപ്പിച്ച ഗാനാർച്ചന ചെറിയേരി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കഥകളി വിദ്യാലയത്തിലെ അദ്ധ്യാപകനായ കലാനിലയം ഹരി ഗുരുവിനു പ്രിയപ്പെട്ട പദങ്ങൾ ആലപിച്ചു. ഗുരുസ്മൃതിയിൽ പുക്കാട് കലാലയം പ്രസിഡൻ്റും കവിയും കലാകാരനുമായ യു. കെ. രാഘവൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പല തലമുറകളുടെ ഹൃദയങ്ങളിൽ ഗുരുത്വം ചാലിച്ചു ചേർത്ത കലാകുലപതിയായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് യു. കെ.രാഘവൻ മാസ്റ്റർ പറഞ്ഞു.ഗുരുവിൻ്റെ ശിക്ഷണം മാത്രമല്ല സാമീപ്യം പോലും ഒരപാട് മനസ്സുകളിൽ വെളിച്ചം പകർന്നു. സംസ്ഥാന യുവജനോത്സവങ്ങളിൽ കോഴിക്കോടും കണ്ണൂരും നേടുന്ന മുൻകൈ ഗുരുവിൻ്റെ പ്രവർത്തനങ്ങളെ കൊണ്ടു കൈവന്നതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കഥകളി വിദ്യാലയം വൈസ് പ്രസിഡൻ്റ് വിജയ രാഘവൻ ചേലിയ അദ്ധ്യക്ഷനായിരുന്നു. കലാമണ്ഡലം ഷീബ കൃഷ്ണകുമാർ, ചേലിയ യുപി സ്കൂൾ പ്രധാന അദ്ധ്യാപിക ദിവ്യ , നർത്തകിയും ഗുരുവിൻ്റെ ശിഷ്യയുമായ ചിത്ര വാരിയർ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ സ്വാഗതവും പിടിഎ വൈസ് പ്രസിഡൻ്റ് രാജശ്രീ നന്ദിയും പറഞ്ഞു.