
താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം കർശനമാക്കുന്നു
- ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ വീതി കൂട്ടുന്ന പണികൾ നടക്കുന്നതിനാലാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം കർശനമാക്കുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ വീതി കൂട്ടുന്ന പണികൾ നടക്കുന്നതിനാലാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പി.ഡബ്ല്യു.ഡി നാഷണൽ ഹൈവേ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം റോഡ് പണി പൂർത്തിയാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കോഴിക്കോട് ഭാഗത്തുനിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് തിരിഞ്ഞ് ബാലുശ്ശേരി, കുറ്റ്യാടി വഴി പോകണം. കൽപ്പറ്റയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ഭാരവാഹനങ്ങൾ വൈത്തിരി ടൗണിൽ നിന്ന് തിരിഞ്ഞ് പടിഞ്ഞാറത്തറ, തരുവണ, കുറ്റ്യാടി വഴി പോകേണ്ടതാണ്. മറ്റ് ചെറിയ വാഹനങ്ങൾക്ക് ചുരത്തിലൂടെ യാത്ര ചെയ്യാമെങ്കിലും ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
