
നാളെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
- വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചി : ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞതായി പിസി ജേക്കബ് പറഞ്ഞു.

നിതിൻ രാജിന്റെ മരണത്തിൽ പ്രതിസ്ഥാനത്തുളള വ്യക്തിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. കേസിൽ പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഹർത്താൽ നടത്തി സംസ്ഥാനത്തെ ജനങ്ങളെ ഒന്നാകെ ബുദ്ധിമുട്ടിപ്പിക്കുന്നതിനോട് യോജിപ്പില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ വ്യാപാരികളും പതിവ് പോലെ നാളെയും കടകൾ തുറക്കുമെന്നും പി.സി ജേക്കബ്ബ് വ്യക്തമാക്കി.
