
നിപ സംശയിക്കുന്ന രോഗിയുടെ സമ്പർക്കപ്പട്ടിക വലുതെന്ന് മന്ത്രി കെ മുരളീധരൻ
- ചികിത്സയിലുള്ളയാൾ ഒരു ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. ഇവിടെ വവ്വാലിൻ്റെ സാനിധ്യം സംശയിക്കുന്നു.
കോഴിക്കോട്: നിപ സംശയിക്കുന്ന രോഗിയുടെ സമ്പർക്കപ്പട്ടിക വലുതെന്ന് മന്ത്രി കെ മുരളീധരൻ. ഫറോക്ക് സ്വദേശിയായ 43 കാരനായ രോഗിയെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഒരിക്കൽ പനി വന്ന് മാറിയ ആളാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളയാൾ ഒരു ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. ഇവിടെ വവ്വാലിൻ്റെ സാനിധ്യം സംശയിക്കുന്നു.

ഹൈ റിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.അൽപം മുമ്പാണ് പിസിആർ ടെസ്റ്റിൽ രോഗിക്ക് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്ക് എംആർഐ സ്കാൻ എടുത്തിരുന്നു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. രോഗിയിൽ നിന്നെടുത്ത സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
