
നീന്തലിൽ രാജ്യാന്തര അംഗീകാരവുമായികൊയിലാണ്ടി സ്വദേശി
- രാജ്യാന്തര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് നാരായണൻ നായർ സ്വർണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത്
കൊയിലാണ്ടി:നാട്ടിലെ ക്ഷേത്രക്കുളത്തിൽനിന്ന് കൊയിലാണ്ടി സ്വദേശി നീന്തിക്കയറിയത് രാജ്യാന്തര സ്വർണ്ണത്തിളക്കത്തിലേക്ക്. പെരുവട്ടൂർ ശ്രീ രജ്ഞിനിയിൽ നാരായണൻ നായരാണ് സ്വർണത്തിളക്കത്തോടെ ചരിത്ര വിജയം നേടിയത്. നേപ്പാളിലെ പൊഖാറയിൽ നടന്ന എസ്ബികെഎഫ്
രാജ്യാന്തര നീന്തൽ മത്സരത്തിൽ എഴുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മൂന്നിനങ്ങളിലാണ് നാരായണൻ നായർ ചരിത്ര വിജയിയായത്.
നൂറ് മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിലാണ് സ്വർണ നേട്ടം കൊയ്തത്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ നൂറ് മീറ്റർ ബാക്ക് സ്ട്രോക്കിന് സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെള്ളിയും നേടിയിരുന്നു ഈ താരം. ചെറുപ്പം മുതൽക്കേ നീന്തലിൽ തൽപരനായ നാരായണൻ നായർ സമീപകാലത്താണ് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പന്തലായിനിയിലെ അഘോര ശിവക്ഷേത്ര കുളത്തിലായിരുന്നു നീന്തലിൻ്റെ ആരംഭം. പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ച കൊല്ലം ചിറയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.ഇവിടെ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കി വരുന്നുമുണ്ട് ഈ നീന്തൽ പ്രിയൻ.

ജില്ലാ – സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം ഏറ്റവും കൂടുതൽ ദൂരം, കുറഞ്ഞ സമയം കൊണ്ട് നീന്തിക്കയറിയത് പെരിയാറിന്റെ ഓളങ്ങളിലാണ്. ഈ വർഷം ഏപ്രിലിൽ പെരിയാറിൽ 2 കിലോമീറ്റർ ദൂരം നീന്തി ഫിനിഷ് ചെയ്തത് 1 മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കൻ്റും കൊണ്ടായിരുന്നു. 2 മണിക്കൂർ ആയിരുന്നു സമയ പരിധി. എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലിൽ യുവാക്കൾക്ക് വരെ വെല്ലുവിളി ഉയർത്തിയായിരുന്നു നാരായണൻ നായരുടെ ശര വേഗത്തിലുള്ള പ്രകടനം.