
പിഎം ശ്രീയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ
രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്
ന്യൂഡൽഹി: പിഎം ശ്രീയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും.കേരളം പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട ശേഷം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ല എന്നും കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു.പിഎം ശ്രീ പദ്ധതി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി പൂർണ്ണമായും അംഗീകരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സിലബസ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചട്ടകൂടിലായിരിക്കണം.

ഇതുമായി ബന്ധപ്പെട്ട് വി. ശിവദാസൻ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്.കേരളത്തിൽ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന വാദം മുൻനിർത്തിയാണ് പദ്ധതിക്ക് യുഡിഎഫ് പച്ചക്കൊടി വീശിയത്. ധനസ്ഥിതിയിലെ ഞെരുക്കം കൂടി ചൂണ്ടിക്കാട്ടിയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ധാരണയിലേക്ക് മുന്നണി യോഗമെത്തിയത്.
