
ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
- ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും വിമർശനത്തിന് പിന്നാലെ സുകുമാരൻ നായരെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു.
കോട്ടയം: ബിജെപിയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എൻഎസ്എസിനെ വിമർശിച്ച ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ തിരുത്തിയിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും വിമർശനത്തിന് പിന്നാലെ സുകുമാരൻ നായരെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. “സുകുമാരൻ നായർക്കെതിരെ ബിജെപി’ എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്.

എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരുകാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുകുമാരറ നായർക്കൊപ്പമുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.കേരള സന്ദർശനത്തിനിടെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്നലെ സുകുമാരൻ നായർക്കെതിരെ പരോക്ഷമായി രംഗത്ത് വന്നത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമർശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവർക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി.പി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു
