
ബീച്ച് ഫുഡ് സ്ട്രീറ്റ് നിർമാണം;അടുത്ത മാസം ആരംഭിക്കും
- ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉ യർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ പ്രാധാന ലക്ഷ്യം
കോഴിക്കോട്:നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസമായിട്ടും പ്രവൃത്തി ആരംഭിക്കാത്ത കോർപറേഷൻ ബീച്ച് ഫു ഡ് സ്ട്രീറ്റ്.ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയായതിനാൽ പണി തുടങ്ങുന്നതിന് തടസ്സമില്ലെന്ന് കോർപറേഷൻ പറയുന്നു. ഇതിനായി കടപ്പുറത്ത് കോർപറേഷൻ ഓഫിസിന് എതിർ വശത്ത് ഫൂട്പാത്തിനോട് ചേർന്ന ഭാഗത്ത് കഴിഞ്ഞ ദിവസം സ്‌ഥലം അടയാളപ്പെടുത്തി. നാലുമാസത്തിനകം പണി തീർക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണി പൂർത്തിയാക്കാനുള്ള കാലാവധി ഒരു കൊല്ലമാണ് . ബീച്ചിനെ ഫുഡ് സ്ട്രീറ്റായി ഉ യർത്തുക, കച്ചവടക്കാർക്ക് പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബീച്ചി ലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടന വും കഴിഞ്ഞ മാസമായിരുന്നു നടന്നത്. കോഴിക്കോട് ബീച്ചിനെ രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്നതാണ് പദ്ധതികൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത്.
കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷൻ, ഫുഡ്‌സേഫ്റ്റി വകുപ്പിന്റെ ഫുഡ് സ്ട്രീറ്റ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കോർപറേഷൻ പദ്ധതി നടപ്പാക്കുന്നത്. 90 വഴിയോര കച്ചവടക്കാരെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കുക. ബീച്ച് സൗന്ദര്യവത്കരണം, ഉന്തുവണ്ടികളുടെ ഏകരൂപം എന്നിവ ഫുഡ്സ്ട്രീറ്റിനെ കൂടുതൽ മികവുള്ളതാക്കും. 4.06 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബീച്ചിലെ വെൻഡിങ് മാർക്കറ്റ് പദ്ധതിയാണ് ഭക്ഷണത്തെരുവ് കൂടിയാക്കി നടപ്പിലാവുന്നത്.