
ഭാഷാസമന്വയ വേദിയുടെ ഹിന്ദി സേവി പുരസ്കാരങ്ങൾ സമ്മാനിച്ചു
- ഹിന്ദി – തെലുഗു സാഹിത്യകാരൻ ഡോ.എസ്.വി.എസ്.എസ്.നാരായണ രാജു ഉദ്ഘാടനം
കോഴിക്കേട്: ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ഹിന്ദി സേവി സമ്മാൻ പുരസ്കാര സമർപ്പണ ചടങ്ങ് ഹിന്ദി – തെലുഗു സാഹിത്യകാരൻ ഡോ.എസ്.വി.എസ്.എസ്.നാരായണ രാജു ഉദ്ഘാടനം ചെയ്തു. മറ്റു ഭാഷകളെ അടിച്ചമർത്തിയല്ല ഒപ്പം ചേർത്താണ് ഹിന്ദി മുന്നേറേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. ഹിന്ദി പഠനത്തിൽ ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ.ആർസു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹിന്ദി അധ്യാപന രംഗത്തും സാമൂഹ്യ സേവനത്തിലും ഗണ്യമായ സംഭാവനകൾ നൽകിയ 9 പേർക്കാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിച്ചത്. ഡോ.ജി.കുമാരൻ നായർ (കണ്ണൂർ), കെ.ജനാർദ്ദനൻ (പയ്യന്നൂർ), രവി എം (കണ്ണൂർ), ഡോ.എം.എസ്.വിനയചന്ദ്രൻ(തിരുവനന്തപുരം) ,വി.കെ.ഭാസ്കരൻ (വടകര) ,മേരി ജോൺ ( കോട്ടയം), സമദ് കോടൂർ (മലപ്പുറം), ഡോ.കെ.ജി.പ്രഭാകരൻ (തൃശ്ശൂർ) ,സജിത കെ.എം (കൊച്ചി)എന്നിവർ ഡോ. എസ്.വി.എസ്.എസ് നാരായണ രാജുവിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ഹിന്ദി പ്രചാരകരായ പി.രാഘവജി, ദേവ് കേരളീയ്, പീരങ്കി നമ്പീശൻ, ഇരിങ്ങല്ലൂർ ഗോപാലൻ, എം.കെ.ശങ്കരൻ കുട്ടി എഴുത്തച്ഛൻ, ടി.ബാലകൃഷ്ണൻ നായർ, ചാത്തുക്കുട്ടി മാസ്റ്റർ, പ്രൊഫ.ടി.എം.രാജഗോപാൽ, പ്രൊഫ.ഐ.വേലായുധൻ, ഡോ.ജെ. ഹൈമവതി അമ്മ എന്നിവരുടെ സ്മരണക്കായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.വേലായുധൻ പള്ളിക്കൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ.ഒ.വാസവൻ, ഡോ. പി.കെ.രാധാമണി, വി.എസ്. രമണൻ, ഡോ.എം.കെ.പ്രീത, പ്രൊഫ.എൻ.സത്യവതി, പി.എൻ.ശാന്തി, ഡോ.എം.മീര, എം.എസ്.ഗോവിന്ദൻ കുട്ടി, ആർ.മോഹൻദാസ്, ഇന്ദിരാ കുമാരി എന്നിവർ പ്രസംഗിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.ആർ.ജയന്ത് കുമാർ ഡോ. എസ്.വി.എസ്.എസ് നാരായണ രാജുവിന് ഉപഹാരം നൽകി. ഭാഷാസമന്വയവേദി അംഗവും അധ്യാപകനും വിവർത്തകനുമായ പ്രൊഫ.പി.ജയേന്ദ്രൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
