‘മന്ത്രിയുടെ വാക്ക് വെറും കുറുപ്പിന്റെ ഉറപ്പ്’ : മുതലപ്പൊഴിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

‘മന്ത്രിയുടെ വാക്ക് വെറും കുറുപ്പിന്റെ ഉറപ്പ്’ : മുതലപ്പൊഴിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

  • മുതലപ്പൊഴിയിൽ കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി ഇന്ന് പുലർച്ചെ 5:15-ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുതലപ്പൊഴിയിൽ കടലിനെക്കുറിച്ച് നന്നായി അറിയുന്ന 10 പേരെ ഉൾപ്പെടുത്തി ഇന്ന് പുലർച്ചെ 5:15-ന് തിരച്ചിൽ ആരംഭിക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. രാവിലെ 10:30 കഴിഞ്ഞിട്ടും നടപടികൾ തുടങ്ങാത്ത പശ്ചാത്തലത്തിൽ, മന്ത്രിയുടെ വാഗ്ദാനങ്ങൾ വെറും ‘കുറുപ്പിന്റെ ഉറപ്പ്’ മാത്രമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ഒരു സർക്കാരുണ്ടോ എന്നുംഅതിനൊരു നാഥനുണ്ടോ എന്നും ചോദിച്ച അദ്ദേഹം, ഫിഷറീസ്, റവന്യൂ, പൊതുഭരണ വകുപ്പുകൾ ഉൾപ്പെടെ എല്ലാ വകുപ്പുകളും പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്ന് കൊച്ചിയിൽ പോയി മറ്റുള്ളവരെ കാണാൻ സമയം കണ്ടെത്തുന്നുണ്ടെങ്കിലും, ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് വരാൻ അദ്ദേഹത്തിന് നേരമില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സർവ്വവും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണമോ വെള്ളമോ വെളിച്ചമോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മതിയായ ചികിത്സയോ മരുന്നോ ഡോക്ടറോ ഇല്ലാത്ത അവസ്ഥയാണ് ക്യാമ്പുകളിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുകളുടെ പത്തുകൊല്ലത്തെ ഭരണകാലത്ത് ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്ന് ബിനോയ് വിശ്വം അവകാശപ്പെട്ടു. അക്കാലത്ത് ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും കൃത്യമായി ഉറപ്പാക്കിയിരുന്നു. എന്നാൽ നിലവിൽ ഭരണത്തിന് ഒരു അനാഥാവസ്ഥയാണെന്നും കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )