
മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ;തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കും
- ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല.
തിരുവനന്തപുരം: മുന്നണിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പറഞ്ഞതെല്ലാം യാഥാർഥ്യമാണ്. പറയാനുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ആരുടേയും പിന്തുണയ്ക്ക് വേണ്ടിയല്ല പ്രതികരിച്ചതെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല. എം.കെ മുനീറായാലും ജി. ദേവരാജനായാലും മികച്ച നേതാക്കളാണ്. അവർ മുന്നണിയെ അധികാരത്തിൽ കൊണ്ടുവരാൻ അധ്വാനിച്ച മുതിർന്ന നേതാക്കളുമാണ്. എന്നാൽ ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളിൽ തനിക്ക് പ്രതികരിക്കാനാകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.ഞാൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ. വിമർശന ചേരിയിൽ ഞാൻ ഒറ്റയ്ക്കാണ്. കെപിസിസി പ്രസിഡന്റിന്റെ കാര്യം എഐസിസി തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ല. മുഖ്യമന്ത്രിയുടെ സമീപനം നിങ്ങൾ കാണുന്നുണ്ടല്ലൊ. അക്കാര്യം വിലയിരുത്തുക. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇന്നലെ പ്രതികരിച്ചത്,’ അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് ശേഷം ഒരിക്കൽ മാത്രമാണ് യുഡിഎഫ് യോഗം ചേർന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്ന സമരപരിപാടികളെ അംഗീകരിക്കുന്നില്ലെന്നും അടൂർ പ്രകാശ പ്രതികരിച്ചു.
