മേപ്പയ്യൂരില്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂരില്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

  • കാര്‍ഷികോത്പന്നങ്ങള്‍ക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കുക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുക, വിഷരഹിത പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു

ആത്മ കോഴിക്കോട്, എവര്‍ഗ്രീന്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍ (വടകര തിക്കോടി ബ്ലോക്ക്) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മേപ്പയ്യൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എവര്‍ഗ്രീന്‍സ് നിലവറ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം(എഫ്പിഒ ഔട്ട്‌ലറ്റ്‌ലെറ്റ്) കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സമയബന്ധിതമായി ന്യായവില ഉറപ്പാക്കുക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുക, വിഷരഹിത പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് ഇത്തരം വിപണന കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികള്‍ മറികടന്ന് കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്നതിനായി സമഗ്ര കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കുന്നതിനായി എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ വയനാട്ടില്‍ പരിശീലനം നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കൃഷിരീതികള്‍ പരീക്ഷിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്താന്‍ വരും മാസങ്ങളില്‍ എക്സ്പോര്‍ട്ടേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഒള്‍ഗ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിബിത, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അജയ് അലക്സ്, എവര്‍ഗ്രീന്‍ എഫ്പിഒ സെക്രട്ടറി മൊയ്തീന്‍ കമ്മന, എവര്‍ഗ്രീന്‍ എഫ്പിഒ പ്രസിഡന്റ് രവീന്ദ്രന്‍ പടയക്കണ്ടി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനപ്രതിനിധികള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് പെരുവണ്ണാമൂഴി കെവികെ ഹോം സയന്‍സ് വിഭാഗം വിഷയവിദഗ്ധ ഡോ എം ദിപ്തി കര്‍ഷക പരിശീലന ക്ലാസ് നല്‍കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )