
യുദ്ധം അവസാനിപ്പിച്ചു; ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
- യൂറോപ്പിൽവെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിച്ചെന്നും ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽവെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു. ഞങ്ങളുടെ ഉദ്ദേശ്യവും അതായിരുന്നു. ഇറാനുമായുള്ള യുദ്ധത്തിൽ ഞങ്ങൾ ഒരു വലിയ ഒത്തുതീർപ്പിൽ എത്തിയിരിക്കുകയാണ്. അതിന്റെ രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഏതാനുംദിവസങ്ങൾക്കുള്ളിൽ അത് പൂർത്തിയാകും. യൂറോപ്പിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഇത് ഒപ്പിടുക. ഇതോടെ എണ്ണവില കുറയും. എണ്ണവില കുറയുമ്പോൾ മറ്റെല്ലാം കുറയും’ട്രംപ് പറഞ്ഞു.

കരാറിന്റെ ഭാഗമായി ആണവായുധങ്ങൾ വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ സമ്മതിച്ചതായാണ് ട്രംപിന്റെ അവകാശവാദം. അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങളും നീക്കും. ഇതോടെ എണ്ണവില കുത്തനെ കുറയുമെന്നും ട്രംപ് വ്യക്തമാക്കി.
