
രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർത്ഥികളുടെ അക്കാദമിക് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി നാഷണൽ ഡെന്റൽ കമ്മീഷൻ
- ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഡെന്റൽ കോളേജുകളിൽ പിജി വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് ഉയർന്ന പരാതികളെ തുടർന്നാണ് നടപടി ശക്തമാക്കിയത്
ന്യൂഡൽഹി : രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർത്ഥികളുടെ അക്കാദമിക് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി നാഷണൽ ഡെന്റൽ കമ്മീഷൻ(എൻ.ഡി.സി). ഇനി മുതൽ സർവകലാശാല പരീക്ഷകൾ എഴുതാൻ കുറഞ്ഞത് 80 ശതമാനം ബയോമെട്രിക് ഹാജർ നിർബന്ധമായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഹാജർ മാനദണ്ഡം പാലിക്കാത്ത വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന കോളേജുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 2017 ലെ ഡിസിഐ എംഡിഎസ് കോഴ്സ് റെഗുലേഷൻസ് പ്രകാരം നിലവിൽ തന്നെ 80 ശതമാനം ഹാജർ നിർബന്ധമായിരുന്നുവെങ്കിലും പുതിയ ഉത്തരവിലൂടെ ഇത് കൂടുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം.

കോളേജുകൾ മാനദണ്ഡം ലംഘിച്ച് കുറഞ്ഞ ഹാജറുള്ള വിദ്യാർഥികളെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതത് സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഡെന്റൽ കോളേജുകളിൽ പിജി വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച് ഉയർന്ന പരാതികളെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ഇതിൻെ അടിസ്ഥാനത്തിൽ രൂപീകരിച്ച സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് പുതിയ തീരുമാനം.2026 ജനുവരിയിൽ തന്നെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ വിഷയത്തിൽ പ്രാഥമിക സർക്കുലർ പുറത്തിറക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ നാഷണൽ ഡെന്റൽ കമ്മീഷൻ ഹാജർ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
