
ലോകകപ്പ് മാതൃക കളിമണ്ണിൽ തീർത്ത് അമർനാഥ് ജി.വി.എച്ച്.എസ്.എസിന് സമർപ്പിച്ചു
- വിദ്യാർത്ഥിയുടെ സൃഷ്ടിപരമായ കഴിവിനെ അഭിനന്ദിച്ച് പ്രധാനാധ്യാപിക ടി. ഷജിത മാതൃക ഏറ്റുവാങ്ങി.
കൊയിലാണ്ടി: ലോകമെമ്പാടും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം അലയടിക്കുമ്പോൾ, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അമർനാഥിന്റെ സ്വപ്നം ലോകകപ്പ് ട്രോഫിയുടെ മാതൃക കളിമണ്ണിൽ നിർമ്മിക്കുക എന്നതായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച തന്നെ മാതൃക പൂർത്തിയാക്കിയെങ്കിലും തിങ്കളാഴ്ച സ്കൂൾ അവധിയായതിനാൽ ഇന്ന് സ്കൂളിൽ എത്തിച്ച് സമർപ്പിച്ചു.ചെറുപ്പം മുതൽ ചിത്രരചനയിലും ക്ലേ മോഡലിങ്ങിലും അതീവ താൽപര്യമുള്ള അമർനാഥ്, ശ്രദ്ധേയമായ കരവിരുതോടെയാണ് ലോകകപ്പ് ട്രോഫിയുടെ മാതൃക ഒരുക്കിയത്. വിദ്യാർത്ഥിയുടെ സൃഷ്ടിപരമായ കഴിവിനെ അഭിനന്ദിച്ച് പ്രധാനാധ്യാപിക ടി. ഷജിത മാതൃക ഏറ്റുവാങ്ങി.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, രഞ്ജു ആർ., പ്രതിഭ പറമ്പത്ത്, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, ബെന്നി, ജോത്സ്ന, ചിത്രകല അധ്യാപകൻ സായി പ്രസാദ് എന്നിവർ പങ്കെടുത്ത് അമർനാഥിനെ അഭിനന്ദിക്കുകയും ആശംസകൾ നേർക്കുകയും ചെയ്തു.പന്തലായിനി ശിവദത്തിൽ ബൈജുവിന്റെയും ജോസ്നയുടെയും മകനാണ് അമർനാഥ്.
