
വയോമിത്രം ക്ലിനിക്കിന് തുടക്കമായി
- കൊയിലാണ്ടി നഗരസഭ ചെയർമാൻ ശ്രീ. യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ 21-ാം വാർഡിൽ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ പുതിയ വയോമിത്രം ക്ലിനിക്കിന്റെ ഉദ്ഘാടനവും വയോമിത്രം പദ്ധതിയുടെ 14-ാം വാർഷികാഘോഷവും ഇന്ന് ഒറ്റക്കണ്ടം ആരോഗ്യ ഉപകേന്ദ്രത്തിൽ ഭംഗിയായി നടന്നു.
കൊയിലാണ്ടി നഗരസഭ ചെയർമാൻ ശ്രീ. യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. സൗമ്യ പി.ഡി. മുഖ്യാതിഥിയായി പങ്കെടുത്തു.
വാർഡ് കൗൺസിലർ ശ്രീമതി വിജയലക്ഷ്മി പൈത്തോടി സ്വാഗതം ആശംസിച്ചു. കൊയിലാണ്ടി വയോമിത്രം കോ-ഓർഡിനേറ്റർ ശ്രീ. ശരത് റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫൈസൽ, വയോമിത്രം കൺവീനർ സുധാകരൻ മാസ്റ്റർ, ജില്ലാ കോ-ഓർഡിനേറ്റർ ജിഷോ ജെയിംസ്, കൗൺസിലർമാരായ ഭാവന, ഹൈറുന്നീസ, മുൻ കൗൺസിലർ എൻ.എസ്. വിഷ്ണു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രമേശൻ, പ്രഭാകരൻ മാസ്റ്റർ, ദാമോദരൻ കുട്ടിപ്പറമ്പിൽ, കൂടാതെ ആരോഗ്യ ഉപകേന്ദ്രത്തിനായി സ്ഥലം സംഭാവന ചെയ്ത ചെട്ട്യാംകണ്ടി കോയക്കുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. ജിജോ നന്ദി രേഖപ്പെടുത്തി. തുടർന്ന് വാർഡിലെ മുതിർന്ന പൗരന്മാരായ ടി. ശ്രീധരൻ, പത്മനാഭൻ, ലീല, ദാക്ഷായണി എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മികവ് പകർന്നു.
മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ ആരോഗ്യപരിശോധനയും ചികിത്സയും മരുന്ന് വിതരണവും ആരോഗ്യ നിർദേശങ്ങളും കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായി ആരംഭിച്ച വയോമിത്രം ക്ലിനിക് ഇനി മുതൽ എല്ലാ മാസവും രണ്ട് തവണ പ്രവർത്തിക്കും. വാർഡിലെ മുതിർന്നവരുടെ ആരോഗ്യസംരക്ഷണത്തിനും ക്ഷേമത്തിനും വലിയ പിന്തുണയാകുന്ന ഈ സേവനം 21-ാം വാർഡിന്റെ ആരോഗ്യരംഗത്തെ സുപ്രധാന നേട്ടമാണ്.വയോമിത്രം ക്ലിനിക്കിന്റെ പ്രവർത്തനത്തിനായി ഫർണിച്ചർ, ഫാൻ, മറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉദാരമായി സ്പോൺസർ ചെയ്ത് ഈ സംരംഭത്തിന് കരുത്തേകിയ എല്ലാ സുമനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ നിസ്വാർത്ഥമായ സഹകരണവും സാമൂഹിക പ്രതിബദ്ധതയും കൊണ്ടാണ് ഈ ക്ലിനിക്കിന് കൂടുതൽ മികച്ച സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്.
അതോടൊപ്പം,
ഈ പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ വിശിഷ്ടാതിഥികൾക്കും, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ, വാർഡിലെ മുഴുവൻ നാട്ടുകാർ എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
നമ്മുടെ മുതിർന്നവരുടെ ആരോഗ്യവും ക്ഷേമവും കരുതലോടെ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം.
