
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ലയായി കോഴിക്കോട്
- ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാനുള്ള പരിശീലനങ്ങളിലും ജില്ല മുന്നിലാണ്
കോഴിക്കോട്: വിനോദ സഞ്ചാര പദ്ധതികളുടെ നേട്ടങ്ങളുമായി പ്രാദേശിക ടൂറിസത്തിൽ മുന്നേറുകയാണ് കോഴിക്കോട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ലയായി കോഴിക്കോട് മാറി. 4313 യൂണിറ്റുകൾ.ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാനുള്ള പരിശീലനങ്ങളിലും ജില്ല മുന്നിലാണ്. 3,786 പേർക്കാണ് പരിശീലനം നൽകിയത്. യൂണിറ്റുകൾ തുടങ്ങിയവരിലും പരിശീലനത്തിൽ പങ്കെടുത്തവരിലും 80 ശതമാനം സ്ത്രീകളാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ബേപ്പൂർ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂർ, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഗ്രാമീണ ടൂറിസം വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. രജിസ്റ്റർ ചെയ്ത 4313 യൂണിറ്റുകളിൽ 2500 കർഷകർ, 450 കലാകാരന്മാർ, 700 ടൂറിസം നെറ്റ് വർക്കുകൾ, 30 തദ്ദേശീയരായ കമ്മ്യൂണിറ്റി ടൂർ ലീഡർമാർ, 100 എത്നിക് കുസിൻ യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ തുടങ്ങിയവർ ഉൾപ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി 2018 ഫെബ്രുവരി മുതൽ 2024 ഡിസംബർ ഒന്നുവരെ ജില്ലയിലെ പ്രദേശവാസികൾക്ക് 7.2 കോടി രൂപയുടെ വരുമാനമാണുണ്ടായത്.