
സസ്യാധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന കുപ്പികൾ ശബരിമലയിൽ വിൽക്കാൻ അനുമതി തേടിയ ഹർജി ഹൈക്കോടതി തള്ളി
- 100 ശതമാനം സസ്യാധിഷ്ഠിതമാണെന്ന അവകാശവാദം ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി :സസ്യാധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന കുപ്പികൾ ശബരിമലയിൽ വിൽക്കാൻ അനുമതി തേടിയ ഹർജി ഹൈക്കോടതി തള്ളി. ചോളം, കരിമ്പ്, മരച്ചീനി എന്നിവ ഉപയോഗിച്ച് നിർമിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണിൽ ലയിക്കുന്നതുമായ കുപ്പികൾക്ക് അധികൃതർ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹർജി. തൃപ്പൂണിത്തുറ സ്വാമി ശരണം എന്റർപ്രൈസസ് നൽകിയ ഹർജി ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 100 ശതമാനം സസ്യാധിഷ്ഠിതമാണെന്ന അവകാശവാദം ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.കുപ്പിയുടെ അടപ്പ് ഭാഗികമായി പെട്രോ കെമിക്കൽ പോളിമർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ഉള്ളിൽ ചെന്നാൽ പക്ഷികൾക്കും ചെറിയ മൃഗങ്ങൾക്കും ഭീഷണിയാകാമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിനായി വന്യജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി നിർദേശങ്ങൾ നിലവിലുണ്ടെന്നും, ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
