
സർക്കാരിന്റെ ‘ഹില്ലി അക്വ’ പ്ലാന്റ് പെരുവണ്ണാമൂഴിയിലും
- കമ്പനികൾ ഭൂഗർഭജലമുപയോഗിച്ച് കുപ്പിവെള്ളം നിർമിക്കുമ്പോൾ പുഴയിലെ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമാണ് ഹില്ലി അക്വയിൽ ഉപയോഗിക്കുന്നത്.
പേരാമ്പ്ര : പെരുവണ്ണാമൂഴിയിൽ കുപ്പി വെള്ള പ്ലാന്റ് വരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഉടമ സ്ഥതയിലുള്ള മൂന്നാമത്തെ കുപ്പിവെള്ളം ഉത്പാദന പ്ലാൻ്റാണ് പെരുവണ്ണാമൂഴിയിൽ സ്ഥാപിക്കുന്നത്. ‘ഹില്ലി അക്വ’ എന്ന കുപ്പിവെള്ളമാണ് പെരുവണ്ണാമൂഴിയിൽനിന്ന് ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ മൂന്നാമത്തെ കുപ്പിവെള്ള പ്ലാൻ്റാണിത്. തിരുവനന്തപുരത്തെ അരുവിക്കരയിലും തൊടുപുഴയിലുമാണ് നിലവിൽ സർക്കാർ ഉടമസ്ഥതയിൽ ‘ഹില്ലി അക്വ’ കുപ്പിവെള്ള പ്ലാന്റുള്ളത്.
പ്ലാൻ്റ്, യന്ത്രങ്ങൾ, കെട്ടിടം എന്നിവയ്ക്കായി 22 -കോടിയുടെ പദ്ധതി റിപ്പോർട്ട് കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ ഐ ഐ ഡി സി ) സമർപ്പിച്ചു. പെരുവണ്ണാമൂഴി ഡാം-റിസർവോയറിൻ്റെ തീരത്ത് പെരുവണ്ണാമൂഴിക്കും മുതുകാടിനുമിടയിൽ മാത്തുണ്ണികുന്ന് ഭാഗത്താണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയത്. 3.55 ഏക്കർ സ്ഥലം കെഐഐഡിസിക്ക് വിട്ടുനൽകാൻ അനുമതി നൽകിയതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്ലാന്റിനുള്ള സ്ഥലം നിർണയിച്ചുകഴിഞ്ഞു.17 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.
കുറ്റ്യാടി ജലസേചനപദ്ധതിക്കു കീഴിലുള്ള പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലിറ്ററിന് 15 രൂപയാണ് ഹില്ലി അക്വ കുപ്പിവെള്ളത്തിൻ്റെ വില. മറ്റു കുപ്പിവെള്ള കമ്പനികൾ ഭൂഗർഭജലമുപയോഗിച്ച് നിർമിക്കുമ്പോൾ പുഴയിലെ ശുദ്ധീകരിച്ചെടുക്കുന്ന വെള്ള മാണ് ഹില്ലി അക്വയിൽ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.